നാദാപുരം: വട്ടോളി നേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടു പിഞ്ചു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറെ കുററ്യാടി പോലീസ് അറസ്റ്റു ചെയ്തു. കക്കട്ടില്‍ കളരി കെട്ടിയപറമ്പത്ത് അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (18) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് റോഡിന്റെ പാര്‍ശ്വഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന മൊകേരി സ്വദേശികളും അയല്‍വാസികളുമായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ച്ചിത്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആദില്‍ ആര്‍.ചന്ദ്രന്‍ എന്നിവരെയാണ് അമിത വേഗതയില്‍ ഇയാള്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
അര്‍ച്ചിത് അപകട സ്ഥലത്തു വെച്ചും ആദില്‍ ആര്‍.ചന്ദ്രന്‍ കുററ്യാടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടയിലുമാണ് മരിച്ചത്.
നാദാപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.















