തൊടുപുഴ: യുവതികളുടെ ഫോണിലേക്ക് അശ്ലീല സന്ദേശവും നഗ്ന ചിത്രങ്ങളും അയച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. തൊടുപുഴ കുമ്മംകല്ല് കൊമ്പനാപറമ്പില്‍ നഫീസ് (22)നെയാണ് തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളുമായി പരിചയപ്പെടുന്ന പ്രതി ക്രമേണ അവരുമായി പ്രണയത്തിലാകും. പിന്നീട് പെണ്‍കുട്ടികളുടെ ഫോട്ടോയെടുക്കും. ഈ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പെണ്‍കുട്ടികള്‍ക്ക് അയച്ച് കൊടുക്കും. ഇങ്ങനെ ചതിവില്‍പ്പെടുത്തുന്ന യുവതികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു പ്രതി. എറണാകുളത്ത് ഡ്രൈവറായിരുന്ന പ്രതിയെ അവിടെ ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരിലാണ് ജോലിയില്‍ നിന്നും പറഞ്ഞയച്ചത്. നിരവധി യുവതികള്‍ തൊടുപഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. തൊടുപുഴ ടൗണിന് സമീപം താമസിക്കുന്ന ഒരു യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. രണ്ടാഴ്ച മുന്‍പാണ് പരാതി നല്‍കിയത്. ഈ യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















