മൂലമറ്റം: സ്‌കൂളിന് സമീപത്തെ തിട്ടയില്‍ നിന്നും സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്തത് സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണി ഉയര്‍ത്തുന്നു. ലക്ഷങ്ങള്‍ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന മൂലമറ്റം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കെട്ടിടമാണ് അപകടത്തിന്റെ പിടിയില്‍പെട്ടിരിക്കുന്നത്. അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളിലായി സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്ണ് 25 അടിയോളം ആഴത്തില്‍ നീക്കം ചെയ്തതാണ് പ്രശ്‌നമായിരിക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി ലക്ഷങ്ങള്‍ മുടക്കി മൂന്ന് നില കെട്ടിടം നിര്‍മ്മിക്കുന്നതിന് താഴ്ഭാഗത്ത് നിന്നുമായിട്ടാണ് വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നും മണ്ണ് നീക്കം ചെയ്തത് വന്‍ ഭീഷണിയുയര്‍ത്തുന്നതായി സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ സുരക്ഷക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ഡിഒ ക്ക് പരാതി നല്‍കിയിരിക്കുകയാണ് പി.ടി.എ ഭാരവാഹികള്‍.എന്നാല്‍ പരാതി പരിഗണിച്ച് നടപടി കൈക്കൊള്ളാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.
















