ചാത്തമംഗലം: കോഴിക്കോട് എന്‍ഐടിയിലെ അഴിമതിക്കും, സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതക്കും എതിരെ, ഭാരതീയ ജനതാ പാര്‍ട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി എന്‍ഐടി ക്യാമ്പസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ജില്ലാ അദ്ധ്യക്ഷന്‍ ടി പി ജയചന്ദ്രന്‍മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മികവിന്റെ കേന്ദ്രമാകേണ്ട എന്‍ഐടി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് അനുവദിക്കപ്പെട്ട ഡിജിറ്റല്‍ ലൈബ്രറി പോലും കെടുകാര്യസ്ഥതില്‍ തുറന്ന് കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മമാണത്തിലും വിവിധ മെസ്സുകള്‍ അനുവദിക്കുന്നതിലും, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിവിധ സ്ഥാപനങ്ങളും സേവനങ്ങളും അനുവദിക്കുന്നതിലും ടെന്‍ഡര്‍ നടപടികളിലും ഉള്ള അഴിമതി അവസാനിപ്പിക്കണം.
കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ്, ടെക്‌നിക്കല്‍ സെക്യൂരിറ്റി, സാനിറ്ററി, മറ്റ് താല്‍ക്കാലിക ജീവനക്കാര്‍ എന്നീ നിയമനങ്ങളില്‍ സ്വജന പക്ഷപാതമാണ് നടക്കുന്നത്. ക്യാമ്പസിലെ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതോടൊപ്പം, പുതിയ സ്ഥിര നിയമനങ്ങള്‍ നടത്തുക, അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവയെ എന്‍ ഐടിയില്‍ നിന്ന് നിര്‍മ്മാ ര്‍ജ്ജനം ചെയ്യുക, എന്‍ ഐടിയെ ദേശീയ നിലവാരത്തില്‍ കിടപിടിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉയര്‍ന്നു.
പി. ഹരിദാസന്‍ (കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി), നാരായണന്‍ നമ്പൂതിരി, ശോഭന എടപ്പറമ്പത്ത് (ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍), ബിജെപി നേതാക്കളായ എ. ജനാര്‍ദ്ദനന്‍, ടി. ചക്രായുധന്‍, എം. ശിവദാസന്‍, അഡ്വ. വി. പ്രിയ, ഭരതന്‍ കരിക്കിനാരി, കൃഷ്ണദാസ് പി. (പ്രസിഡന്റ് ബിഎംഎസ് എന്‍ ഐടി യൂണിറ്റ്), എന്നിവര്‍ സംസാരിച്ചു. വി.ടി. അച്യുതന്‍ സ്വാഗതവും ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.
















