കോഴിക്കോട്: ജോലിക്കെന്ന വ്യാജേന കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളുടെ കാര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് കുറ്റപ്പെടുത്തി.
കേസില്‍ മൊഴിനല്‍കാനെന്ന പേരില്‍ എട്ടു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കുട്ടികള്‍ താമസിക്കുന്ന വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം കമ്മീഷന്‍ ജൂണ്‍ 22ന് കലക്ടര്‍ക്കും എസ്പിക്കും കത്ത് നല്‍കിയിരുന്നു. രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുദിവസംകൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും.
ഇരകളായ പെണ്‍കുട്ടികള്‍ കേസ് വിചാരണ വേളയില്‍ കോടതിയില്‍ മൊഴിനല്‍കാന്‍ ഹാജരാവേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത മലപ്പുറം പോലിസ് ഇവര്‍ക്ക് സ്വന്തം നാട്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിനല്‍കാന്‍ ഇവരെ ലഭ്യമാക്കുമെന്ന് ബംഗ്ലാദേശിലെ വിവിധ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ അവരെ ഇനിയും തടങ്ങുവയ്‌ക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.















