പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ മൃഗസംരക്ഷണ ഉപകേന്ദ്രം ചോര്‍ന്നൊലിച്ച് ശോചനീയാവസ്ഥയിലാണ്. വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരു ഇടുങ്ങിയ മുറിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒരു വനിതാ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോഴാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് തന്നെയാണ് കെട്ടിട വാടക നല്‍കുന്നതും. മഴ പെയ്തതോടെ സദാ ഈര്‍പ്പം നിലനില്‍ക്കുന്ന ഇവിടെ പ്രത്യേക ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലുമുണ്ട്. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഗുണം നഷ്ടപ്പെടുന്നതായി വ്യാപക പരാതി ഉയരുന്നു. ശീതികരണ സംവിധാനത്തിനായ് വൈദ്യതി ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കണക്ഷന് ലഭിച്ചിട്ടില്ല. നൈട്രജന്‍ ബേസില്‍ സൂക്ഷിക്കുന്ന കൃത്രിമ ബീജങ്ങള്‍ സൂക്ഷിക്കാനും ഇവിടെ പരിമിതികളേറെയാണ്. കുത്തിവെപ്പിനായി ബീജങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് പ്രത്യേക തെര്‍മല്‍ ഫഌസ്ക്കുകളിലാക്കിയാണ്. ചെട്ടിപ്പടി തീരദേശത്തും അയ്യപ്പന്‍കാവ്, നെടുവ, കിഴ്ചിറ പ്രദേശങ്ങള്‍ക്ക് വടക്ക് വള്ളിക്കുന്ന് പഞ്ചായത്ത് അതിര്‍ത്തി വരെയുമുള്ള ജനങ്ങള്‍ മൃഗ സംരക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഈ ഉപകേന്ദ്രത്തേയാണ്. മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാന്‍ പരപ്പനങ്ങാടി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല ചെട്ടിപ്പടിയില്‍ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മൃഗസംരക്ഷണ ഉപകേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ക്ഷീര കര്‍ഷകരടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: