ചുള്ളിക്കര: ചുള്ളിക്കര കൊട്ടോടി റോഡ് പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ സ്വകാര്യറോഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപിച്ച് നാട്ടുകാരും ഓട്ടേറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് തടഞ്ഞു. ഇന്നലെ രാവിലെ ചുളളിക്കരയിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചുളളിക്കര കൊട്ടോടി റോഡില്‍ ചുള്ളിക്കര കള്ളുഷാപ്പിന് സമീപം ആരംഭിച്ച പാര്‍ശ്വഭിത്തിനിര്‍മാണം സ്ഥലത്തെ സ്വകാര്യ റോഡ് സംരക്ഷിക്കാന്‍ പ്ലാനില്‍ മാറ്റം വരുത്തിയാണെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ റോഡ് ഉപയോഗിക്കുന്ന ഒരു വിഭാഗം പൊതുമരാമത്ത് വകുപ്പിന് റോഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. പരാതി അന്വേഷിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ്.രാജന്, അസി.എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്, അസി. എന്‍ജിനീയര്‍ നിഥിന് കുമാര്‍, ഓവര്‍സിയര്‍ അരവിന്ദന് എന്നിവരെയാണ് ഇന്നലെ രാവിലെ ചുള്ളിക്കര ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. ചുള്ളിക്കര കൊട്ടോടി റോഡില്‍ ചുള്ളിക്കര ടൗണിനു സമീപം നിര്‍മ്മിച്ച സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പ്ലാനില്‍ പറയും പ്രകാരമല്ല എടുത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ സുരക്ഷാ ഭിത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ റോഡ് സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും, ഇത് റോഡിന്റെ വികസനത്തിന് തടസമാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ റോഡായാലും പ്രധാന റോഡിന് തടസമില്ലെങ്കില്‍ സ്വകാര്യ റോഡിലൂടെയുള്ള ഗതാഗതം തടസപെടുത്താന്‍ കഴിയില്ലെന്ന് പൊതുമരാമത്ത് അധികൃതരും പറയുന്നു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, രണ്ട് പഞ്ചായത്തിലെയും ഭരണ സമിതി അംഗങ്ങളായ എ.സി.മാത്യു, പെണ്ണമ്മ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരോട് സംസാരിച്ചതിനെ തുടര്‍ന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാനുളള നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്.
നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തടഞ്ഞപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: