കോഴിക്കോട്: മാലിന്യമുക്ത വാര്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് തയ്യാറാകുന്നു, പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ മാതൃകയില്‍ സമ്പൂര്‍ണ്ണ ശുചിത്വം നേടുക എന്നതാണ് വാര്‍ഡ് കൗണ്‍സിലര്‍ ജിഷാ ഗിരീഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയുടെ ലക്ഷ്യം.
വാര്‍ഡിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സംയുക്ത സഹകരണമാണ് പദ്ധതിക്ക് പിന്നില്‍. വീടുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്, റബര്‍, ഗ്ലാസ് അവശിഷ്ടങ്ങള്‍ പ്രത്യേക സഞ്ചികളിലാക്കി ശേഖരിച്ചുവെക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി പ്രത്യേക സഞ്ചികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സഹായത്തോടെ ലോറികളില്‍ മാലിന്യം സംഭരിക്കുന്നു.
വേര്‍തിരിക്കാതെ ലഭിക്കുന്ന മാലിന്യങ്ങള്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തരം തിരിച്ച് ചാക്കുകളിലാക്കുന്നു. മൈസൂരിലെ പുനഃചംക്രമണ കേന്ദ്രത്തിലേക്ക് നിറവ് വേങ്ങേരിയുടെ സഹായത്തോടെ മാലിന്യങ്ങള്‍ കയറ്റി അയക്കും.
മൂന്നു മാസം കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കാനാണ് പദ്ധതി. പദ്ധതിക്ക് റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷും വാര്‍ഡ് കണ്‍വീനര്‍ കാനങ്ങോട്ട് രാജനും പറഞ്ഞു.
അടുത്ത പടിയായി വാര്‍ഡിലെ ഫ്‌ളാറ്റുകള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി ഇതിന്റെ ഉടമകളുടെ യോഗം വിളിക്കും. ഓവുചാലുകളിലേക്ക് അഴുക്കുജലം കടത്തിവിടുന്നത് ഒഴിവാക്കി മാലിന്യ നിര്‍മ്മാര്‍ ജനം ശാസ്ത്രീയമാക്കാനാണ് പദ്ധതി.
ജില്ലയുടെ ആസ്ഥാന കേന്ദ്രമായ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശുചീകരണത്തിന്റെ മാതൃകാ പ്രദേശമാക്കാനാണ് കൗണ്‍സിലറും പ്രദേശവാസികളും ഒരുങ്ങുന്നത്.
പദ്ധതിയുടെ അടുത്ത ഘട്ടത്തെകുറിച്ച് ആലോചിക്കാന്‍ നാളെ വിപുലമായ യോഗം ചേരുന്നുണ്ട്. ഖരമാലിന്യം, ജൈവ മാലിന്യം എന്നിവ സംസ്‌കരിച്ച് ശുചീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇവിടത്തുകാര്‍.
പുനഃചംക്രമണ യൂണിറ്റിലേക്ക് അയക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് നിര്‍വഹിച്ചു.
ആദ്യ ഘട്ടത്തില്‍ മൈസൂരിലെ യൂണിറ്റിലേക്കയക്കുന്ന അഞ്ച് മാലിന്യ ലോറികളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും അവര്‍ നടത്തി. കൗണ്‍സിലര്‍ ജിഷാ ഗിരീഷ്, കണ്‍വീനര്‍ കാനങ്ങോട്ട് രാജന്‍, നിറവ് വേങ്ങേരി കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത്, രമേശന്‍, രവികുമാര്‍ എ.വി. ഗിരീഷ് വി. ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.















