ബത്തേരി : അവസരങ്ങളെ ഉപയോഗപ്പെടുത്തലാണ് വിപണിയുടെ സവിശേഷത, പഴമയും പാരമ്പര്യങ്ങളും ഓര്‍മ്മപ്പെടുത്തി രാമായണത്തിന്റെയും ഔഷധക്കഞ്ഞിയുടേയും പേരില്‍ കര്‍ക്കിടക കൊയ്ത്തിന് ഒരുങ്ങുകയാണ് കേരള വിപണി.
കാലവര്‍ഷം ശക്തമാകുന്ന കര്‍ക്കിടകത്തില്‍ പഴയകാലത്ത് ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം തേടി ഹൈന്ദവ കുടുംബങ്ങളില്‍ നടന്നുവരുന്ന രാമായണ പാരായണം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണ ശാലകള്‍ പലതും രാമായണ ഗ്രന്ഥ വില്‍പ്പനയ്ക്കുളള ഓഫറുകളുമായി ഇറങ്ങികഴിഞ്ഞു.
ആകാശവാണിയും ദൂരദ ര്ശനുമെല്ലാം ആകര്‍ഷണീയമായ രാമായണ പരസ്യങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു. ഗദ്യ-പദ്യ-കിളിപ്പാട്ടു ശൈലികളിലുളള ഗ്രന്ഥങ്ങള്‍ക്ക് സൗജന്യമായി അനുബന്ധ പ്രസിദ്ധീകരണങ്ങളും ഒരു കൂട്ടര് വാഗ്ദാനം ചെയ്യുമ്പോള്‍ അച്ചടിയിലെ മികവും സിഡി കാസറ്റുകളുമാണ് വേറെ ചിലരുടെ വാഗ്ദാനം.
കര്‍ക്കിടകം ദേഹരക്ഷയ്ക്കുളള മാസമാണെന്ന പഴമൊഴി സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ ഔഷധക്കകഞ്ഞി കൂട്ടുകളുടെ പരസ്യ കോലാഹലമാണ് ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെ മറ്റൊരിനം. സര്‍ക്കാര്‍-സര്‍ക്കാരിതര ആയ്യുര്‍വ്വേദ ഔഷധ നിര്‍മ്മാതാക്കളെല്ലാം കര്‍ക്കിടകത്തില്‍ മലയാളികളെ ഔഷധ കഞ്ഞി കുടിപ്പിക്കാനുളള മല്‍സരത്തിലാണ്.
ആകാശവാണിയുടെ എല്ലാ മലയാള നിലയങ്ങളിലും സ്ഥിരമായി മുഴങ്ങികൊണ്ടിരുന്ന മറ്റ് പല പരസ്യങ്ങള്‍ക്കും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവധി നല്‍കികൊണ്ടാണ് കര്‍ക്കിടക പരസ്യങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. ഇതില്‍ സാധാരണക്കാര്‍ പങ്കാളികളാകുന്നതോടെ കഴിഞ്ഞുപോയ ദുരിതകാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ പുതിയ കാലത്തിന് ആഘോഷമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: