അടിമാലി:കനത്ത മഴയെതുടര്‍ന്ന് മലമുകളില്‍നിന്ന് കൂറ്റന്‍ പാറ അടര്‍ന്ന് വീണു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കൂമ്പന്‍പാറ പളളിപ്പടിയില്‍ നിന്നും പെട്ടിമുടിക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന മലയുടെ മുകളില്‍ നിന്നാണ് പാറ അടര്‍ന്ന് വീണത്. പുല്ലുചെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഊരാകുടിയില്‍ മൈതിന്‍,മാവുംകുടി സിബി,കൃഷ്ണന്‍ എന്നിവരുടെ പുരയിടത്തിലൂടെയാണ് പാറ ഉരുണ്ടെത്തിയത്. പാറ ചിന്നിചിതറി പലഭാഗങ്ങളിലേക്കും മാറിയതാണ് ദുരന്തം ഒഴിവാക്കിയത്. അടര്‍ന്ന ഭാഗത്ത് ഇനിയും അപകടാവസ്ഥയില്‍ പാറ കഷണങ്ങള്‍ ഇരിക്കുന്നതും ഇതിനിടയിലൂടെ വെളളം കുത്തിയൊഴുകുന്നതും ഇനിയും അപകടത്തിന് കാരണമാകും എന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
















