ഗുരുകല്പന അനുസരിച്ച് ജീവിക്കുന്ന ഒരു ശിഷ്യൻ നന്നാകുന്നതിനു വേണ്ടി ജീവിതം നയിക്കുന്നതും മറ്റുള്ളവരെ നന്നാക്കുന്നതുമാകുന്നു. മറ്റുള്ളവരെ നന്നാക്കുകയെന്നുള്ളത് അറിവും ധർമ്മവും ഉള്ളവരായി സ്വയം ജീവിക്കുന്നതിന് ആർക്കു പ്രാപ്തിയുണ്ടാകുമോ ആ നിലയിൽ ജനങ്ങളെ നന്നാക്കുന്നതാണ് ഗുരുവിന്റെ ശിഷ്യൻ നന്നാവുക. അവർ നന്നായപ്പോൾ അവരല്ല അവർക്കു വേണ്ടി ജീവിച്ച ആളാണ് നന്നായത്.
ജീവിച്ച ആൾ നന്നായതു കൊണ്ടു അവനെ വിശ്വസിക്കുന്നു. അവനെ വിശ്വസിക്കുന്നതു കൊണ്ട് അവൻ അവരെ വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വാസത്തിൽ ഏകോപിച്ച് പ്രവർത്തിക്കുന്നതിനു സാധിക്കുന്നു. ഇതു സാധിക്കുന്നതാണ് മനുഷ്യജന്മത്തിൽ സാധിക്കാനുള്ളത്. ഇതിന്റെ സാദ്ധ്യത്തെയാണ് ലോകപ്രകൃതികൾ നമ്മെ പഠിപ്പിച്ചു ദിവസേന അനുഭവസ്ഥരാക്കുന്നത്.
സ്വർഗ്ഗത്തിന്റെ ആരംഭം ഈ വ്യവസ്ഥയിലാണ്. ഇതിന്റെ ശേഷം ഹൃദയമാറ്റം മനസ്സുമാറ്റം ഇവകൾ തെറ്റു കൂടാതെ സമസ്തവുമായി ഏകനിലെ വിശ്വാസത്താൽ ബന്ധിച്ചു ഏകങ്കലേക്കു മാത്രം ജീവിതം നയിക്കുന്നു. ഈ അവസ്ഥയ്‌ക്കു മറുവശമില്ല. മാറുന്നതിനോ മറിക്കുന്നതിനോ തന്മൂലം സാദ്ധ്യമല്ല.
















