അനിരുദ്ധനെ വകവരുത്താൻ ബാണൻ ഭടന്മാരെ ചുമതലപ്പെടുത്തി. ഭടന്മാർ വരുന്നതു കണ്ട് അവൻ മുരുവെന്ന ആയുധം ഉയർത്തിപ്പിടിച്ച് അടിയുറച്ചു നിന്നു. ഭടന്മാരെ അടിച്ചുവീഴ്‌ത്തി. അനിരുദ്ധൻ സാധാരണക്കാരനല്ലായെന്ന് ബോധ്യം വന്ന ബാണൻ ക്രോധത്തോടെ നാഗപാശം കൊണ്ട് ബന്ധിച്ചു. ഉഷക്ക് ഈ കെട്ടിയിടൽ സഹിച്ചില്ല. അവൾ പൊട്ടിക്കരഞ്ഞു.
ദ്വാരകയിൽ അനിരുദ്ധനെ കാണാനില്ലായെന്നു പറഞ്ഞ് ബഹളമായി. ദ്വാരകയിലും സമീപ പ്രദേശങ്ങളിലും അന്വേഷണം നടന്നു. പക്ഷെ ഒരു വിവരവും അറിയാൻ കഴിഞ്ഞില്ല. ഇങ്ങനെയിരിക്കെ നാരദർ ദ്വാരകയിൽ വന്ന് അനിരുദ്ധനെ സംബന്ധിച്ച സകല വിവരങ്ങളും പറഞ്ഞു.
വിവരങ്ങളറിഞ്ഞ ശ്രീകൃഷ്ണാദികൾ അനിരുദ്ധനെ മോചിപ്പിച്ചു കൊണ്ടുവരുവാൻ ബാണാസുരപുരിയിലേക്ക് പുറപ്പെട്ടു. പന്ത്രണ്ടു അക്ഷൗഹിണിയോടുകൂടിയ യാദവപ്പട ശോണിതാപുരം വളഞ്ഞു. മതിലുകൾ നശിപ്പിച്ചു. ബാണനും സൈന്യത്തോടെ വന്ന് എതിരിട്ടു. ശിവൻ നന്ദിയുടെ പുറത്തുകയറി, ഗണപതി, സുബ്രഹ്മണ്യൻ, ഭൂതഗണങ്ങൾ ഇവരോടു കൂടി ബാണനെ സഹായിക്കാൻ തയ്യാറായി. ഒരു ഭാഗത്ത് ശിവൻ നേതൃത്വം നൽകുന്ന ബാണാസുരപ്പടയും മറുവശത്ത് കൃഷ്ണൻ നേതൃത്വം നൽകുന്ന വൈഷ്ണവപ്പടയും.
ഇതൊരു ശൈവ-വൈഷ്ണവ യുദ്ധമായി മാറി. ശിവനും കൃഷ്ണനും പരസ്പരം അത്ഭുതകരമായതും അപൂർവ്വമായതുമായ പലപല അസ്ത്രങ്ങളും ആയുധങ്ങളും പ്രയോഗിച്ചു. എല്ലാം കൂട്ടിമുട്ടി നിഷ്പ്രഭമാകുകയായിരുന്നു. ഒടുവിൽ കൃഷ്ണൻ എയ്ത അപൂർവ്വ സിദ്ധിയുള്ള ഒരു ആയുധം കൊണ്ട് ബാണന്റെ കൈകൾ നാലെണ്ണമൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെട്ടു.
കൈകൾ നഷ്ടപ്പെട്ടപ്പോൾ ബാണന്റെ അഹങ്കാരത്തിന് ശമനം വന്നു. അഹങ്കാരം ശമിച്ച ബാണനെ കൃഷ്ണൻ പ്രസാദിച്ചു. ഉഷയേയും അനിരുദ്ധനേയും ഒരു തേരിൽ കയറ്റി കൃഷ്ണന്റെ മുന്നിൽ കൊണ്ടുവന്നു. കൃഷ്ണൻ ഉഷ, അനിരുദ്ധന്മാരെ ആഘോഷപൂർവ്വം സ്വീകരിച്ച് വിവാഹം ചെയ്യിച്ചു.
(അവസാനിച്ചു)
















