കുന്നത്തൂര്‍: കാലവര്‍ഷം പകുതി പിന്നിട്ടിട്ടും ശാസ്താംകോട്ട തടാകത്തിന്റെ വറ്റിയ ഭാഗങ്ങള്‍ വെള്ളം നിറയാതെ തന്നെ കിടക്കുന്നു. രാജഗിരി, വിളന്തറ ബണ്ട് ഭാഗം മുതുപിലാക്കാട് എന്നിവിടങ്ങളില്‍ ഹെക്ടര്‍ കണക്കിന് തടാകഭാഗമാണ് ഉള്‍വലിഞ്ഞ് കരയായി മാറിയത്.
മഴയെ തുടര്‍ന്ന് ഈ ഭാഗങ്ങള്‍ ഇപ്പോള്‍ വലിയ പുല്‍മേടായി മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിരന്തരം കന്നുകാലി മേക്കല്‍ മൂലം തറ കട്ടിയായതിനാല്‍ ജലം ഊര്‍ന്നിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സാമാന്യം നല്ല മഴ ലഭിച്ചിട്ടും ഈ ഭാഗങ്ങളില്‍ വെള്ളം നിറയുന്നില്ല എന്നുള്ളത് തടാകത്തിന്റെ നാശത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നേരത്തെ ഈ പ്രദേശങ്ങള്‍ വെള്ളം നിറഞ്ഞ ചതുപ്പുനിലമായിരുന്നു. വാട്ടര്‍ അതോറിട്ടിയുടെ കണക്കുകള്‍ പ്രകാരം വേനല്‍കാലത്തെ മൈനസ് 158 അടിയില്‍ നിന്നും മൈനസ് 38 അടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും തടാകത്തിന്റെ വറ്റിയ ഭാഗങ്ങള്‍ പഴയപടി തന്നെ തുടരുകയാണ്. തടാകം ക്രമാതീതമായി വേനല്‍കാലത്ത് വറ്റിയപ്പോള്‍ ഒരുകോടിയോളം രൂപ ചെലവാക്കി വാട്ടര്‍ അതോറിട്ടി കെഐപിയുമായി ചേര്‍ന്ന് ബദല്‍ പദ്ധതി ആരംഭിച്ചതാണ്. എന്നാല്‍ മഴ തുടങ്ങിയതോടെ അത് നിര്‍ത്തലാക്കുകയും ജലത്തിനായി പൂര്‍ണമായും തടാകത്തെ ആശ്രയിച്ചിരിക്കുകയുമാണ്. ഈ നിലയില്‍ തടാകത്തില്‍ നിന്നും ജലമെടുപ്പ് തുടര്‍ന്നാല്‍ വേലനില്‍ മുമ്പുതന്നെ തടാകം വറ്റിവരളും. കല്ലടയാറ്റില്‍ നിന്നുള്ള ബദല്‍ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.
















