കൊച്ചി: ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞര്‍. വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാം. താറാവിനും ഒച്ച് ഇഷ്ടഭക്ഷണം. കൊച്ചിയിലെ ജനങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും സൈ്വര്യക്കേടാവുന്ന ആഫ്രിക്കന്‍ ഒച്ചിനെ എങ്ങിനെ തുരത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ശാസ്ത്രജ്ഞര്‍ ഒച്ചിന്റെ വരുമാന സാധ്യത വിവരിച്ചത്.
ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനുള്ള വഴി തേടിയ ശില്‍പ്പശാലയില്‍ ഇതിന്റെ വരുമാനസാധ്യതകളാണ് തെളിഞ്ഞുവന്നത്. മൂല്യവര്‍ധിത ഉത്പന്നമായി ആഫ്രിക്കന്‍ ഒച്ചിനെ മാറ്റാമെന്ന് സി.എം.എഫ്.ആര്.ഐയിലെയും കേരള സമുദ്ര പഠന സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടി.
ഞണ്ട്, ഞവണിക്ക ഗണത്തില്‍ പെടുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ കാലുകള്‍ പ്രോട്ടീന്‍ സമൃദ്ധമാണ്. മത്സ്യത്തെക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്. ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. താറാവുകള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണമായി നല്‍കാം. താറാവുകള്‍ ഒച്ചിനെ ആക്രമിച്ചു തന്നെ ഭക്ഷിക്കും. ഒച്ചിന്റെ ആക്രമണം നേരിടാനുള്ള ഒരു മാര്‍ഗം അതുകൊണ്ടു തന്നെ താറാവു വളര്‍ത്തലാണ്. ഉപ്പുവെള്ളം, വിനാഗിരി, പുകയിലവെള്ളം, കാപ്പിപ്പൊടി വെള്ളം എന്നിവയും ഒച്ചിന്റെ ശത്രുവാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കയറ്റി അയച്ച് വിദേശനാണ്യം നേടാമെന്നതു കൊണ്ട് ഇനി ആഫ്രിക്കന്‍ ഒച്ചിനെ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. നശിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വിനാഗിരി തളിക്കലാണ്. ഉപ്പുവെള്ളം ഉപയോഗിക്കുന്നത് മറ്റു കൃഷികള്‍ക്ക് ദോഷകരമാകും. ഒച്ചിനെ നശിപ്പിക്കുന്നതിനെ കുറിച്ചും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനെ കുറിച്ചും പഠനം നടത്തുന്നതിന് സിഎംഎഫ്ആര്‍ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനകം ഇവര്‍ പഠന റിപ്പോര്‍ട്ട് നല്‍കും. നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ് ഇതിനാവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കും.
ദേശീയ മത്സ്യ ജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതു സംബന്ധിച്ച് പഠനം നടത്തും.
പ്രൊഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ.രാമചന്ദ്രന്, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്, എന്‍എഫ്ഡിസി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഗുണന്, ദേശീയ മത്സ്യ ജനിതക ബ്യൂറോ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഡോ. ബഷീര്‍, കൃഷി വിജ്ഞാന് കേന്ദ്ര കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഡോ. ഷിനോജ് സുബ്രഹ്മണ്യം, ഇടുക്കി മേഖല ഡയറക്ടര്‍ ഡോ. സാഗര്‍ സുന്ദര്‍രാജ്, കൊച്ചി കോര്പ്പറേഷന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോള്‍, തൃക്കാക്കര നഗരസഭ ചെയര്‍പഴ്സണ്‍ കെ.കെ. നീനു എന്നിവരും, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: