ഇതി പ്രഷ്ടസ്തദാ വിപ്രോ രാജ്ഞാ പാരിക്ഷിതേന വൈ
ഉവാച വിസ്തരാത്സർവം വ്യാസഃ സത്യവതീ സുതഃ
ജനമേജയോ ളധർമ്മാത്മാ നിർവേദം പരമം ഗതഃ
ചിത്തം ദുശ്ചരിതം മത്വാ വൈരാടി തനയസ്യ വൈ
സൂതൻ പറഞ്ഞു: പരീക്ഷിത്തിന്റെ മകനായ ജനമേജയൻ ഇങ്ങനെ സംശയങ്ങൾ ചോദിച്ചപ്പോൾ സത്യവതീ സുതനായ വ്യാസൻ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. തന്റെ അച്ഛനെപ്പറ്റിയോർത്ത് രാജാവ് ഖിന്നനായി. മുനിയെ അപമാനിച്ചതിന്റെ പാപഭാരത്തിൽ നിന്നും അച്ഛനെ കരകയറ്റാൻ തന്നെ അദ്ദേഹം തീരുമാനമെടുത്തു. ‘പും’ എന്ന പേരുള്ള നരകത്തിൽ സ്വപിതാവിനെ കടക്കാനിടയാക്കാതെ രക്ഷിക്കുക എന്നതാണല്ലോ പുത്രനെന്ന നിലയിൽ ഒരുവന്റെ കർത്തവ്യം. സർപ്പം കടിച്ച് മാളികമുകളിൽ ഇരുന്നു കാലഗതി പൂണ്ട പരീക്ഷിത്തിന് സ്‌നാനദാനങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല
. തന്റെ പിതാവിന്റെ ദുർഗ്ഗതിയെപ്പറ്റി ആലോചിച്ചു വിഷണ്ണനായ ജനമേജയൻ നരനാരായണന്മാരുടെ കഥ വ്യാസമുഖത്തു നിന്ന് തന്നെ കേട്ടു.
വ്യാസൻ പറഞ്ഞുഃ ‘ഹിരണ്യകശിപുവിന്റെ നിഗ്രഹത്തിനു ശേഷം പ്രഹ്ലാദൻ രാജ്യഭാരം ഏറ്റെടുത്തു. ആ ധർമ്മിഷ്ഠന്റെ രാജ്യത്ത് ഭൂമിയിലെ രാജാക്കന്മാർ യാഗകർമ്മങ്ങളെല്ലാം സമുചിതമായി ചെയ്ത് പോന്നു. ബ്രാഹ്മണർ, വൈശ്യർ, ശൂദ്രർ എന്നിവർ അവരവരുടെ കർമ്മ മേഖലയിൽ ഉചിതമായി വർത്തിച്ചു. പിന്നീട് നരസിംഹമൂർത്തി സ്വയം പ്രഹ്ലാദനെ പാതാളത്തിന്റെ അധിപതിയാക്കി. അവിടെയും പ്രജകൾക്ക് പ്രിയങ്കരനായ രാജാവായി അദ്ദേഹം വാണു.
ഒരിക്കൽ ഭൃഗുവിന്റെ പുത്രനായ ച്യവന മഹർഷി രേവാനദിയിലെ ഓംകാരകുണ്ഡത്തിലേയ്‌ക്ക് സ്‌നാനത്തിനായി പുറപ്പെട്ടു. സ്‌നാനശേഷം കരയ്‌ക്ക് കയറവേ, അദ്ദേഹത്തിനു സർപ്പദംശനം ഉണ്ടായി. പാമ്പിന്റെ കടിയേറ്റ് പാതാളഗമനം ചെയ്യവേ അദ്ദേഹം ഭയചകിതനായി സാക്ഷാൽ മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു. വിഷ്ണുസ്മരണമാത്രയിൽ പാമ്പിന്റെ വിഷം നിർ വീര്യമായി. വിഷവീര്യത്തിൽ നിന്നും രക്ഷപ്പെട്ടു രസാതലത്തിലെത്തിയപ്പോൾ മുനിക്ക് ലേശം പോലും ഖിന്നതയുണ്ടായിരുന്നില്ല.
സർപ്പമാണെങ്കിൽ മുനിശാപം ഭയന്ന് അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. നാഗ കന്യകകൾ മുനിയെ പൂജിച്ചു ബഹുമാനിച്ചു. അങ്ങനെ ഒടുവിൽ അദ്ദേഹം മഹാപുരത്തിൽ എത്തിച്ചേർന്നു. നാഗദാനവന്മാരുടെ പ്രമുഖ നഗരമാണ് മഹാപുരം.
ഒരു ദിനം ആ നഗരത്തിൽ അലയുന്ന ച്യവനമുനിയെ പ്രഹ്ലാദൻ കണ്ടു. ആചാരോപചാരങ്ങളോടെ അദ്ദേഹം മുനിയോട് പാതാളത്തിൽ എത്താനുള്ള കാരണം അന്വേഷിച്ചു. ‘ദൈത്യന്മാരോട് വിരോധമുള്ള ഇന്ദ്രൻ എന്റെ നാടെങ്ങനെ എന്നറിഞ്ഞു വരാൻ അങ്ങയെ ഏർപ്പാട് ചെയ്തതാണോ? സത്യം പറയൂ,’ എന്നായി രാജാവ്.
















