ആദ്ധ്യാത്മികലോകം കൊണ്ട് അക്ഷരീകലോകമുണ്ടായി. അക്ഷരീകലോകത്തെകൊണ്ടുണ്ടായ ഫലം ആദ്ധ്യാത്മിക വഴികളില്‍ക്കൂടി ആത്മാവു മൂലം സ്രഷ്ടാവായ ദൈവത്തിങ്കലേക്കു ലയിക്കുന്നു. അക്ഷരീക ലോകം മനുഷ്യന്റെ ശരീരലോകത്തെ ജനനത്തിനും ആഹാരത്തിനും ഉപകാരത്തിനും ജനനം മുതല്‍ മരണം വരെ ബന്ധിക്കുന്നു.
ഈ അക്ഷരീക ശരീരമായ ലോകം സര്‍വ്വജ്ഞാനമെന്ന പുരുഷനാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ വിവാഹം ചെയ്യപ്പെടുന്നു. അപ്പോള്‍ അക്ഷരീകം ഈ പുരുഷന് ഭാര്യയായും സര്‍വ്വജ്ഞാനം ഗ്രഹിച്ച് സല്‍ക്കര്‍മ്മങ്ങള്‍ സദാ അനുഷ്ഠിക്കുമ്പോള്‍ അവള്‍ തന്റെ ഭര്‍ത്താവായ ജ്ഞാനത്തിന് ഭര്‍ത്തൃശ്രശ്രൂഷ ചെയ്യുന്നു. ഈ നിലയില്‍ സര്‍വ്വലോകവും അവയിലെ സര്‍വ്വസൃഷ്ടികളും അതതിന്റെ സ്ഥാനത്ത് അതതു ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു.
അതിന്റെ ജ്ഞാനമായ ഭര്‍ത്താവിനു ശ്രുശ്രൂഷ ചെയ്യുന്നു എന്നേ പരിണമിക്കുകയുള്ളു. ഈ പതനത്തില്‍ തന്നെ മനുഷ്യരും അവരവരുടെ അറിവിലും പ്രവൃത്തിയിലും അനുഭവത്തില്‍ കൂടി ശുഭാനന്ദപദത്തില്‍ എത്തിച്ചേരുന്നു. ഇങ്ങനെ ലോകാവസാനം വരെ ജ്ഞാനം ഭര്‍ത്താവായിട്ടും ലോകം ഭാര്യയായിട്ടും അറിവോടു കൂടിയ സല്‍ക്കര്‍മ്മങ്ങള്‍ ഭര്‍ത്തൃശ്രശ്രൂഷ ആയിട്ടും ഭവിക്കുന്നു.
















