കാഞ്ഞങ്ങാട്: കാലവര്‍ഷം ശക്തമാകാന്‍ തുടങ്ങിയതോടെ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കാഞ്ഞങ്ങാട്ടെയും കാസര്കാട്ടെയും, മഞ്ചേശ്വരത്തെയും തീരങ്ങള്‍ കടലെടുത്തു കൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു കൊണ്ടാണ് കടലേറ്റമുണ്ടാകുന്നത്. നൂറുകണക്കിന് തെങ്ങുകള്‍ കടപുഴകിയിട്ടുണ്ട്. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പല വീടുകളുടെയും അന്തരം കടലുമായി മീറ്ററുകള്‍ മാത്രമായിട്ടുണ്ട്. പലസ്ഥലത്തും ശക്തിയായ തിരയില്‍പ്പെട്ട് കടല്‍ ഭിത്തികള്‍ തകര്‍ന്നു. സമീപ വീടുകള്‍ ഏതുനിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ആരിക്കാടി, കോയിപ്പാടി, കാസര്‍കോട് കസബ, ചേരങ്കൈ, തൃക്കണ്ണാട്, കോട്ടിക്കുളം, ഷിറിയ, അജാനൂര്‍, ചിത്താരി, നീലേശ്വരം. തൈക്കടപ്പുറം പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. തൃക്കണ്ണാടും ചിത്താരിയിലും കടല്‍ വീടുകളുടെ അടുത്തെത്തിയിരിക്കുകയാണ്.
കാസര്‍കോട് ചേരങ്കൈ കടപ്പുറം മൂതല്‍ ലൈറ്റ് ഹൗസ് വരെയുള്ള പ്രദേശങ്ങളില്‍ കുടില്‍ കെട്ടി താമസിക്കുന്ന നിര്‍ധനരായ മത്സ്യതൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് കടല്‍ഭിത്തിയില്ലാത്തതിനാല്‍ വര്‍ഷം തോറും രണ്ട് മീറ്റര്‍ ദൂരംവരെ കടലെടുക്കുന്നു. അധികാരികളുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും സുരക്ഷാ ഭിത്തി നിര്‍മ്മിക്കുകയോ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. തൃക്കണ്ണാട് ഭാഗത്തെ 20 ഓളം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഭീതിയുടെ നിഴലില്‍ കഴിയുന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടല്‍ഭിത്തി കഴിഞ്ഞ ദിവസം തകര്‍ന്നതോടെ ഈ ഭാഗത്തെ വീടുകള്‍ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. ചിത്താരി കടപ്പുറത്ത് ഇരുപതോളം വീടുകള്‍ ഭീഷണിയിലാണ്. സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട് ഏതു നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഏതാനും മീറ്ററുകള്‍ കടലേറ്റമുണ്ടായാല്‍ വീട് നിലംപൊത്തും. ട്രോളിംങ് നിരോധനത്തോടൊപ്പം കടലാക്രമവും കൂടിയായപ്പോള്‍ തീരദേശ വാസികള്‍ യഥാര്‍ത്ഥത്തില്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യറേഷനും പലസ്ഥലങ്ങളിലും ലഭിച്ചു തുടങ്ങിയിട്ടില്ല.
കടലാക്രമണ ഭീഷണി നേരിടുന്ന ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: