തിരുവനന്തപുരം : കേരളത്തിലെ പ്രീമിയര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ ജൂലൈ 12, 13 തീയതികളില്‍ ദേശ വ്യാപകമായി പണിമുടക്കിന് ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ആഹ്വാനം ചെയ്തു.
12ന് അസോസിയേറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്കു സമരം നടക്കും. സമരത്തോടനുബന്ധിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ എസ്ബിടി എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ പ്രസിഡന്റ് അനിയന് മാത്യു, ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുരേഷ്കുമാര്‍ എന്നിവര്‍ 12ന് രാവിലെ 9.30 മുതല്‍ 13ന് വൈകുന്നേരം 6 വരെ നിരാഹാര സമരം നടത്തും.
നിരാഹാരസമരത്തോടനുബന്ധിച്ച് അഞ്ഞൂറില്‍പ്പരം ജീവനക്കാര്‍ പങ്കെടുക്കുന്ന ധര്‍ണയും രക്തസാക്ഷിമണ്ഡപത്തില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന് തുടങ്ങി നിരവധി രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കള്‍ ധര്‍ണയെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: