കാസര്‍കോട്: കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സയന്‍സ് വിഷയങ്ങളില്‍ കന്നട ഭാഷാ അധ്യാപകരുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്കിയ പരാതിയില്‍ മനുഷ്യാവകാശകമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍ കുമാറാണ് പൊതുവിദ്യാഭ്യാസഡയറക്ടര്‍, ഡിഇഒ എന്നിവരില്‍ നിന്ന് വിശദീകരണം തേടിയത്. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പൊതുശൗചാലയം ഇല്ലെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. റേഷന്‍കാര്‍ഡ്, ചികില്‍സാധനസഹായം, ജോലി സംബന്ധമായ പരാതികള്‍ ഉള്‍പ്പെടെ 37 പരാതികളാണ് സിറ്റിങ്ങില്‍ കമ്മീഷന്റെ പരിഗണനയ്ക്ക് ലഭിച്ചത്. ഇതില്‍ 10 പരാതികളിന്മേല് തീര്‍പ്പ് കല്പ്പിച്ചു. 17 കേസുകള്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: