ലോകത്തിലുള്ള സകലസൃഷ്ടി ജാലങ്ങളും ആനന്ദത്തെ മാത്രം കാംക്ഷിച്ചു ജീവിക്കുന്നു. ആനന്ദമായ സുഖാവസ്ഥയെ വിട്ട് പരിതാപത്തെ യാതൊരു സൃഷ്ടികളും ആഗ്രഹിക്കുന്നില്ല. സൃഷ്ടിജാലങ്ങളില്‍ സ്ഥിതി ചെയ്യുന്നത് ആനന്ദാവസ്ഥ മാത്രമാകുന്നു.
ആത്മപ്രകൃതി ആനന്ദാവസ്ഥയായതു കൊണ്ടത്രെ സകലസൃഷ്ടിജാലങ്ങളും അതിന്റെ സ്വാഭാവികത്തെ മാത്രം പ്രകൃതിയില്‍ കൂടി പ്രത്യക്ഷപ്പെടുത്തുന്നത്. ഇന്നു ലോകത്തിലുള്ള സകല മനുഷ്യരും സുഖത്തെ മാത്രം കാംക്ഷിക്കുന്നു. എങ്കിലോ അധികം ആളുകള്‍ക്കും
ദു:ഖമത്രെ അനുഭവത്തില്‍ കണ്ടു വരുന്നത്. ഇങ്ങനെ അനുഭവിക്കുവാനുള്ള കാരണം എന്താണെന്ന് മനനം ചെയ്യുന്ന മനുഷ്യര്‍ക്ക് അറിയാവുന്നതാകുന്നു.
സുഖം വേണമെന്ന് ആഗ്രഹിക്കുകയും അതിന് അനുസരണമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കില്‍ മാത്രമെ സുഖം അനുഭവസിദ്ധമായിത്തീരുകയുള്ളൂ. സുഖം ഉണ്ടാകുന്നതിനുള്ള പ്രവൃത്തികള്‍ എല്ലാം അറിഞ്ഞാലും പ്രസംഗിച്ചാലും ശരി ആ അറിവ് അനുസരിച്ച് കര്‍മ്മം പൂര്‍ത്തിയാക്കാത്ത ഹേതുവാല്‍ ഫലം ദു:ഖമായിത്തീരുന്നു.
















