ജൂലൈ 1, 2, 3 തീയതികളില്‍ സംഘത്തിന്റെ പ്രാന്തീയ ബൈഠക് കോഴിക്കോട്ട് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഒന്നാം തീയതി ചാലപ്പുറത്തുള്ള മാധവകൃപ എന്ന കാര്യാലയത്തില്‍ പ്രാന്തീയ കാര്യകാരി ചേര്‍ന്നു. അതിന് വിഷയ നിര്‍ണയസമിതിയുടെ പങ്കാണ് നിര്‍വഹിക്കാനുണ്ടായിരുന്നത്. ഉച്ചയ്ക്കുശേഷം വിഭാഗതലത്തിലുള്ള കാര്യകര്‍ത്താക്കളും അതില്‍ പങ്കുചേര്‍ന്നു.
ആ ദിവസങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ പുതുക്കുന്നവയായിരുന്നു. 41 വര്‍ഷങ്ങള്‍ക്കു മുമ്പ് , അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം കേരളത്തില്‍ സംഘ- ജനസംഘ പ്രവര്‍ത്തകരുടെ വ്യാപകമായ അറസ്റ്റുണ്ടായത് ജൂലൈ 2/3 രാത്രിയിലാണ്. ജൂലൈ ഒന്നിന് ഉച്ചവിശ്രമത്തിനായി എനിക്ക് നിര്‍ദ്ദേശിക്കപ്പെട്ടത് തളിയില്‍ പരേതനായ ഐ.ജി.മേനോക്കിയുടെ വസതിയായിരുന്നു.
അദ്ദേഹത്തിന്റെ മകന് ഗോവിന്ദന് കുട്ടി, തൊട്ടടുത്തു വേറെ വീടുവെച്ചു താമസിക്കുന്നു. മേനോക്കിയുടെ വീട്ടില്‍ ഇരിക്കുമ്പോല് വിശ്രമിക്കാനോ, മയങ്ങാനോ സാധിക്കാത്തവിധം ഓര്‍മകള്‍ തിക്കിത്തിക്കി വന്നു. ഗോവിന്ദന്‍കുട്ടിയും അടുത്തിരുന്നു ഒട്ടേറെ സ്മരണകള്‍ അയവിറക്കി.
1975 ജൂലൈ 3, 4 തീയതികളില്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട്ട് ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അടുത്ത ദേശീയകാര്യ സമിതി യോഗം എറണാകുളത്താണ് നിശ്ചയിക്കപ്പെട്ടിരുന്നത്. അവിടെ വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ അതിന്റെ ഉടമയുമായി സംസാരിച്ചതുമാണ്. ഉന്നതനേതാക്കള്‍ക്ക് താമസത്തിനും സമിതിയോഗം ചേരുന്നതിനുമൊക്കെ ഏതാണ്ട് ഹാളുകള്‍ തീരുമാനമാക്കിയാണ് ഞങ്ങള്‍ പിരിഞ്ഞത്.
അതിനിടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനവും അടല്‍ജി, അദ്വാനിയടക്കമുള്ള നേതാക്കളുടെ അറസ്റ്റും കഴിഞ്ഞിരുന്നു. എളമക്കരയിലെ പ്രാന്തകാര്യാലയ ഗൃഹപ്രവേശം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നിഴലിലാണ് നടന്നത്. ഉച്ചയോടെ ജനസംഘ സംസ്ഥാന സമിതി പ്രതിനിധി സഭ മുന്‍ നിശ്ചയമനുസരിച്ചു തന്നെ നടത്താന്‍ തീരുമാനിച്ചു. കോഴിക്കോട് ടൗണ്‍ഹാള്‍ അതിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. ഒറ്റ ദിവസത്തെ പരിപാടി മതിയെന്നതിനാല്‍ താമസസൗകര്യം പരിമിതമായി ചെയ്താല്‍ മതിയായിരുന്നു.
രണ്ടാം തീയതി എല്ലാവരും കോഴിക്കോട്ടെത്തിയപ്പോള്‍ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷമായിരുന്നു. പരമേശ്വര്‍ജി, രാജേട്ടന്, രാമന്‍പിള്ള, കെ.ജി.മാരാര്‍ എന്നിവരടക്കം പ്രമുഖര്‍ ഐ.ജി.മേനോക്കിയുടെ വീട്ടില്‍ കൂടിയാണ് അടുത്തദിവസം എന്തു ചെയ്യണമെന്നാലോചിച്ചത്. ടൗണ്‍ഹാളിന്റെയും ഉച്ചഭാഷിണിയുടെയും അനുമതി പിന്‍വലിച്ചതായും നേതാക്കന്മാരുടെ അറസ്റ്റ് അനിവാര്യമാണെന്നും സന്ധ്യയോടെ വിവരം ലഭിച്ചു. മേനോക്കി അക്ഷോഭ്യനായി പരമേശ്വര്‍ജിയും രാജേട്ടനും അവിടെ താമസിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാല്‍ അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. രണ്ടു മണിക്കൂറുകള്‍ക്കുശേഷമാണ് ജനസംഘ, സംഘകാര്യാലയങ്ങളിലും ദത്താത്രയറാവുവിന്റെ വീട്ടിലും ഞാന്‍ താമസിച്ച അലങ്കാര്‍ ലോഡ്ജിലും പോലീസ് റെയ്ഡും അറസ്റ്റു നടന്നത്. അക്കാര്യങ്ങളെക്കുറിച്ചെല്ലാം ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അതൊക്കെ മനസ്സില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കെ ഗോവിന്ദന്‍കുട്ടിയുമായി പഴയ കാര്യങ്ങള്‍ അയവിറക്കിക്കൊണ്ടു സമയം കഴിച്ചു.
അതിനുമുമ്പ് അവിടെ ചെന്നത് കേസരിവാരികയുടെ 51-ാം പിറന്നാളിനോടനുബന്ധിച്ചു നടന്ന ലേഖക സദസ്സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു. മുന്‍ കേസരി പത്രാധിപര്‍ സാധുശീലന്‍ പരമേശ്വരന് പിള്ള (പിന്നീട് സ്വാമി പരമേശ്വരാനന്ദ സരസ്വതി) മേനോക്കിയുടെ വീട്ടിലാണ് താമസമെന്നറിഞ്ഞു അവിടെയെത്തി, ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കുകയായിരുന്നു ഉദ്ദേശ്യം. അന്നേക്ക് മേനോക്കിയുടെ വീട്ടില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. ഗോവിന്ദന്‍കുട്ടി അടുത്തുതന്നെ പുതിയ വീടു പണിതു. പഴയ വീടിന്റെ, പഴമയുടെ നന്മയെല്ലാം നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങള്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.
ഒറ്റത്തടിയില്‍ തീര്‍ത്ത തൂണുകളും ഉത്തരങ്ങളും മച്ചും തുലാങ്ങളുമൊക്കെ ഗാംഭീര്യത്തോടെ നിലനിര്‍ത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു ഐ.ജി. മേനോക്കി. തളിപ്പറമ്പിലെ ഇല്ലത്ത് ഗോവിന്ദ മേനോക്കിയാണ് മലബാറിന്റെ തലസ്ഥാനമായിരുന്ന കോഴിക്കോട്ട് പ്രശസ്തനായത്. ആദ്യം മുതല്‍ തന്നെ ഹിന്ദുത്വോന്മുഖ സംഘടനകളില്‍ അദ്ദേഹം സജീവമായിരുന്നു. 1939 അവസാനം മധുരയില്‍ നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തില്‍ അദ്ദേഹം പ്രതിനിധിയായിരുന്നു. നിലമ്പൂരില്‍നിന്ന് ടി.എന്‍.മാര്‍ത്താണ്ഡവര്‍മ്മയും അതില്‍ പങ്കെടുത്തതായും അവരുടെ പരിശീലനം നേടിയതായും അറിയാന്‍ കഴിഞ്ഞു.
തമിഴ്നാട് സംഘത്തിന്റെ പ്രാന്തകാര്യവാഹ് ആയിരുന്ന മാനനീയ അണ്ണാജി (അഡ്വ.എ.ദക്ഷിണാമൂര്‍ത്തി) ആ സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. മധുര സമ്മേളനം കഴിഞ്ഞ് വീരസവര്‍ക്കര്‍, ചങ്ങനാശ്ശേരിയില്‍ നടന്ന എന്‍എസ്എസ് രജതജൂബിലി ആഘോഷത്തിലെ മുഖ്യ അതിഥിയുമായിരുന്നു.
പറഞ്ഞുവന്നത് കോഴിക്കോട്ടെ ഹിന്ദുത്വ പ്രവര്‍ത്തനങ്ങളെ മുന്‍നിരയില്‍ നിന്നു നയിച്ച ആളായിരുന്നു മേനോക്കി എന്നാണ്. അദ്ദേഹത്തെപ്പറ്റി എനിക്ക് കേട്ടുകേള്‍വിയെ ഉണ്ടായിരുന്നുള്ളൂ. ചിറയ്ക്കല്‍ തമ്പുരാക്കന്മാരുടെ സ്ഥാനികളില്പെട്ട കുടുംബമായിരുന്നു തളിപ്പറമ്പിലെ ഇല്ലത്ത്. വാച്യാര്‍ത്ഥം ഓവര്‍സിയര്‍ എന്നാവാം. ബൗദ്ധികമായും വിദ്യാഭ്യാസപരമായും ഉന്നതനിലയിലായിരുന്നു അവരുടെ സ്ഥാനം.
കണ്ണൂര്‍ ജില്ലാ പ്രചാരകനായിരിക്കെ 1962 ലെ പൊതുതെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനസംഘം സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്കാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ടു പരിചയപ്പെട്ടത്. അവിടത്തെ ജനസംഘ ചുമതല വഹിച്ചിരുന്ന കെ.സി.കണ്ണന്, പി.വി.കൃഷ്ണന് നായര്‍ എന്നിവരോടൊപ്പം ഐ.ജി.മേനോക്കിയുടെ കൂടെ ഒന്നുരണ്ടു ദിവസം സഞ്ചരിച്ച ഓര്‍മയുണ്ട്. അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങള്‍ അത്ര ആകര്‍ഷകമായിരുന്നില്ല.
എന്നാല്‍ സംഭാഷണങ്ങള്‍ രസകരമായിരുന്നു. ഇംഗ്ലീഷ് ഭാഷ ഇത്ര ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞവര്‍ ചുരുക്കമായിരിക്കും. ചില പ്രസ്താവനകള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കാന്‍ പരമേശ്വര്‍ജി അദ്ദേഹത്തിന്റെ സഹകരണം തേടിയത് ഓര്‍ക്കുന്നു.
ജനസംഘത്തിന്റെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം അദ്ദേഹം ദീര്‍ഘകാലം വഹിച്ചിരുന്നു. 1967 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ജനസംഘ സ്ഥാനാര്‍ത്ഥി ഐ.ജി.മേനോക്കിയായിരുന്നു. അന്ന് 25000 ല്‍പ്പരം വോട്ടുകള്‍ അദ്ദേഹത്തിന് നേടാനായി. ആ വര്‍ഷം തന്നെ ആയിരുന്നല്ലൊ അഖിലഭാരത സമ്മേളനം കോഴിക്കോട്ടു നടന്നത്. സമ്മേളനത്തിന്റെ സ്വാഗതസമിതിയില് അദ്ദേഹം അംഗമായിരുന്നു.
സമ്മേളനവേദിയായിരുന്ന ശ്രീനാരായണ നഗറിന്റെ നിര്‍മാണത്തിനു തുടക്കം കുറിച്ച കാല്‍നാട്ടു കര്‍മം നടത്തിയത് അദ്ദേഹമായിരുന്നു.
ഏതു സമയത്തും നമുക്ക് കയറിച്ചെല്ലാനും കുടുംബാംഗത്തെപ്പോലെ പെരുമാറാനും സ്വാതന്ത്ര്യമുള്ള വീടായിരുന്നു മേനോക്കിയുടേത്. അഭിഭാഷകവൃത്തിയില്‍നിന്നു വിരമിച്ചശേഷം അദ്ദേഹം പൊന്നാനിക്കടുത്ത് പുന്നയൂരിലെ ഭാര്യാഗൃഹത്തില്‍ താമസിക്കുമ്പോള്‍ അവിടെ ചെന്ന് അല്‍പ്പസമയം ചെലവഴിക്കാനും സാധിച്ചു.
എന്നെ കൂടാതെ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ കൂടി അന്നു വിശ്രമിക്കാന്‍ അവിടെയുണ്ടായിരുന്നു. ഒന്നുരണ്ടു മണിക്കൂര്‍ വിശ്രമമെന്ന പേരില്‍ ഗോവിന്ദന്‍കുട്ടിയുമായി പഴയ കാലത്തേക്ക് കടന്നുചെല്ലാനവസരമുണ്ടായത് അത്യധികം സന്തോഷം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: