തൊടുപുഴ തൊമ്മന്‍കുത്ത് തെങ്ങന്നാല് മനുവിന്റെ കൈവിരല്തുമ്പിലൂടെ എറണാകുളം വരാപ്പുഴ ഓളിപ്പറമ്പില്‍ ബേബിയുടെ മകന് ബിനോയി ഇന്നും അമ്മയെ ആശ്ലേഷിക്കുന്നു. തളര്‍ന്ന് കിടക്കുന്ന അച്ഛന് ഉത്തമന് സാന്ത്വനവും ചേട്ടന് ബിജോയിക്ക് സഹോദര സാമീപ്യവുമേകുന്നു.
ഇത് ഭാരതത്തിലെ ആദ്യ മാതൃക. കണ്ണും കരളും പകുത്തുനല്‍കിയത് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം മകന്റെ ഇരുകൈകളും മുറിച്ച് നല്കി മറ്റൊരു യുവാവിന് ജീവിതം നീട്ടിയ ഒരമ്മ ഇതാദ്യം. ഭൂമിയില്‍ അവന് ഇല്ലെങ്കിലും മകന്റെ സാമീപ്യം അവര്‍ ഇന്നും തൊട്ടറിയുന്നു.
2015 ജനുവരി 11 ന് എന്നത്തേതും പോലെ അച്ഛന് കിടക്കുന്ന മുറിയില്‍ അമ്മ ബേബിയും മൂത്തമകന് ബിജോയിയും അനിയന് ബിനോയിയും വര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞിരിക്കുമ്പോഴാണ് ബിനോയിയുടെ സുഹൃത്ത് എത്തിയത്. ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിന് പോകാനായി ബിനോയിയെ കൂട്ടാനെത്തിയതാണ്. യാത്ര പറഞ്ഞ് ഇറങ്ങിയ മകന് അപകടത്തില്‍പ്പെട്ട വിവരമാണ് പിന്നിട് അറിയുന്നത്. ബൈക്ക് നിയന്ത്രണം വിട്ട്, പുറകില്‍ ഇരുന്ന ബിനോയ് തെറിച്ച് റോഡില്‍ വീണു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനോയിയെ ആദ്യം തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നിട് ഗുരുതരമായതിനെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ എത്തിയപ്പോഴെക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന് നിലനിര്‍ത്താന്‍ തങ്ങളാലാവുന്ന ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ ജീവന് കൈവിട്ടു പോകുന്നതായി അവര്‍ തിരിച്ചറിഞ്ഞു.
ഓപ്പറേഷന് തിയേറ്ററിന് പുറത്ത് പ്രാര്‍ത്ഥനയോടെ നിന്ന സഹോദരന് ബിജോയിയെ ഡോക്ടര്‍മാര്‍ വിവരം അറിയിച്ചു.
ജനുവരി 12 ന് മരണം ഏതാണ്ട് ഉറപ്പിച്ച ഡോക്ടര്‍ ബിജോയിയെ ആശ്വസിപ്പിക്കുമ്പോഴാണ് ഡോ.സുബ്രഹമണ്യ അയ്യര്‍ വിവരം അറിഞ്ഞ് എത്തുന്നതും കാര്യങ്ങള്‍ സംസാരിക്കുന്നതും. തുടര്‍ന്ന് ഭാരതത്തിനാകെ മാതൃകയാകുന്ന ഒരു തീരുമാനത്തിലേക്ക് ബിജോയി എത്തുകയായിരുന്നു.
ബിനോയ്
പിരിമുറുക്കത്തിന്റെ ദിനങ്ങള്‍
അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക്ക് സര്‍ജറി തലവനായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും പിരിമുറുക്കം അനുഭവിച്ചിട്ടില്ല. അനുജന്റെ അത്യാഹിതത്തില്‍ തകര്‍ന്ന് നില്ക്കുന്ന ചേട്ടനോട് വിവരങ്ങള്‍ എങ്ങനെ പറഞ്ഞുതുടങ്ങണമെന്ന ചിന്തയില്‍ ആദ്യം ഒന്നു പകച്ചെങ്കിലും ഡോക്ടറെന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച സഹോദരന്റെ കൈകള്‍ വേര്‍പ്പെടുത്തി മറ്റൊരാള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആദ്യം ബിജോയിക്ക് ഉള്‍ക്കൊള്ളാനായില്ല.
ഭാരതത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു കാര്യം കൗണ്‍സലിങ് വിദഗ്ധരുടെ സഹായത്താല്‍ ഡോ. അയ്യര്‍, ബിജോയിയെ ബോധ്യപ്പെടുത്തി. എന്നാല്‍ അതുകൊണ്ട് കാര്യമില്ല. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമ്മതം ലഭിക്കണം. കാത്തിരിക്കാന്‍ ഇനി അധികം സമയവും ഇല്ല. ഹൃദയമിടിപ്പ് നില്‍ക്കുന്നതിനുമുന്‍പ് ശസ്ത്രക്രിയ നടത്തണം.
മരണത്തിലേക്ക് വഴുതിവീഴുന്ന അനുജനെ മരണാനന്തരവും മറ്റൊരാളിലൂടെ കാണാന്‍ കഴിയുമെന്ന തിരിച്ചറിവും ബിജോയിയെ ഉറച്ച തീരുമാനത്തിലെത്തിച്ചു. ബിജോയി സമ്മതപത്രം ഒപ്പിട്ടു. പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു. ഡോ.അയ്യരുടെ നേതൃത്തില്‍ 50 അംഗ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ ആരംഭിച്ചു.
പതിനാറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായപ്പോള്‍ ഭാരതത്തിലെ ആദ്യ ഇരുകൈമാറ്റല് ശസ്ത്രകിയയായി അതുമാറി. അമൃത ആശുപത്രിക്ക് അഭിമാന നിമിഷവും. ഇരുകൈകളും നഷ്ടപ്പെട്ട മനുവിന്റെ ചോദ്യമാണ് കൈമാറ്റല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഡോ. അയ്യരെ ചിന്തിപ്പിച്ചത്. ഉടന്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. പിന്നീട് കൈമാറ്റല്‍ ശസ്ത്രക്രിയയ്ക്കുള്ള സര്‍ക്കാര്‍ അനുമതി തേടി.
ജീവിതം മാറ്റിമറിച്ച ദിനം
‘
മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയ മനുവിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത് 2013 മാര്‍ച്ച് മൂന്നിനാണ്. ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനു. എറണാകുളത്ത് സൗത്ത് സ്റ്റേഷനില്‍ നിന്ന് മലബാര്‍ എക്സ്പ്രസിലായിരുന്നു യാത്ര. തീവണ്ടിയില്‍ നല്ല തിരക്കായിരുന്നു. രാത്രി രണ്ട് മണിയോടടുത്തായി കാണും.
ബാത്ത്റൂമില്‍ പോയശേഷം മുഖം കഴുകാനായി വാഷ്ബേയ്സിന്റെ അടുത്ത് എത്തിയപ്പോള്‍ മുന്ന് നാല് അന്യസംസ്ഥാന യുവാക്കള്‍ തൊട്ടടുത്ത് നിന്ന ദമ്പതികളെ ശല്യപ്പെടുത്തുകയായിരുന്നു. ആകെ അസ്വസ്ഥരായ ഇവര്‍ നിസ്സഹായാവസ്ഥയിലായിരുന്നു. ഇതുകണ്ട മനു ചോദ്യം ചെയ്തു. എന്നാല്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു മനു മൊബൈല്‍ ഫോണ്‍ എടുത്തതോടെ കൂട്ടത്തിലൊരാള്‍ മനുവിനെ പിടിച്ചുതള്ളി. മനു വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീണു. പിന്നീട് ഓര്മ തെളിഞ്ഞപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നു. രണ്ടു കൈകളും കൈമുട്ടിന് താഴെ വെച്ച് നഷ്ടമായിരിക്കുന്നു.
28 കാരനായ മനു മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സക്കുശേഷം ആശുപത്രി വിട്ടു. പ്രാഥമികാവശ്യത്തിനുപോലും പരസഹായം തേടേണ്ട അവസ്ഥ. ജീവിതം അവസാനിപ്പിച്ചാലോ എന്ന് പലപ്പോഴും ചിന്തിച്ചു. എന്നാല്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവും മുന്നോട്ട് ജീവിക്കാന്‍ പ്രേരണയായി. തുടര്‍ന്ന് വെപ്പുകൈ പിടിപ്പിക്കാന്‍ തീരുമാനിച്ചു. പല ആശുപത്രികളിലും പോയി. കൈ ഘടിപ്പിക്കുന്നതിനുവേണ്ടി വന്‍ തുക ചെലവ് വരുമെന്നറിഞ്ഞതോടെ ആശ കൈവിട്ടു. ഏഴ് ലക്ഷം രൂപ ചെലവ് വരും.
വര്‍ഷാവര്‍ഷം സര്‍വീസ് ചെയ്യുന്നതിന് ഒരു ലക്ഷത്തിന് മുകളിലും. കാര്യമായി ഒന്നും ചെയ്യാന്‍ ഈ്യുകൈകള് കൊണ്ടാകില്ലായെന്ന് മനസ്സിലായതോടെ വീണ്ടും നിരാശ.്യുടിവിയില് ഡോ.അയ്യരുടെ പരിപാടിയിലൂടെയാണ് കൈമാറ്റല്‍ ശസ്ത്രക്രിയയെക്കുറിച്ച് മനസ്സിലായത്. തുടര്‍ന്ന് അമൃതയിലെത്തി ഡോക്ടറെ കണ്ടു. ദാതാക്കളെ ലഭിക്കാന്‍ പ്രയാസമാണെന്നും എത്തിയ സ്ഥിതിക്ക് രജിസ്റ്റര്‍ ചെയ്തിട്ട് പൊയ്ക്കൊള്ളാനും പറഞ്ഞു. കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കി.
അപ്രതീക്ഷിത ഫോണ്‍ സന്ദേശം
ഒരു ദിവസം ഉച്ചക്ക് മനുവിന്റെ ഫോണിലേക്ക് ഒരു വിളി വന്നു. അമൃത ആശുപത്രിയിലെ ഡോ.സുബ്രഹ്മണ്യ അയ്യരായിരുന്നു മറുതലയ്ക്കല്‍. കൈ ദാതാവിനെ ലഭിച്ചതായും എത്രയുംവേഗം ആശുപത്രിയില്‍ എത്തണമെന്നുമായിരുന്നു സന്ദേശം. പ്രതീക്ഷ അറ്റുകഴിയുന്ന നേരത്ത് ലഭിച്ച ഫോണ്‍ സന്ദേശം ഒരു ദൈവവിളിയായിട്ടാണ് മനുവിന് തോന്നിയത്. ഉടനെ ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് വേണ്ട പരിശോധനകള്‍ക്ക് വിധേയനായി.
മനുവിന്റെയും ബിനോയിയുടെയും രക്ത ഗ്രൂപ്പുകള്‍ ഒന്നായിരുന്നു. പിന്നിട് നടന്ന പരിശോധനകളില്‍ ബിനോയിയുടെ കൈകള്‍ സ്വീകരിക്കാന്‍ മനുവിന്റെ ശരീരം തയ്യാറാണെന്ന് മനസിലായി. ഇതിനുവേണ്ടി വരുന്ന മുഴുവന്‍ തുകയുംഅമൃതാനന്ദമയീ മഠം വഹിക്കുമെന്ന് അറിയിച്ചു. ശസ്ത്രക്രിയ ആരംഭിച്ചു. 24 സര്ജന്മാര്. 10 അനസ്തേഷ്യ ഡോക്ടര്‍മാര്‍, നെഫ്രോളജി വിദഗ്ദ്ധര്‍ ഉള്‍പ്പടെ 50 അംഗ ഡോക്ടര്‍ സംഘം 16 മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മനു ഒരു മാസത്തോളം അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു.
വീട്ടുകാര്‍ക്ക് പോലും ഒന്നു കാണാന്‍ കഴിഞ്ഞില്ല. പിന്നിട് വാര്‍ഡില്‍ 30 ദിവസം ചികത്സയിലായി. അതിനുശേഷം ഒരു വര്‍ഷം ആശുപത്രിയില്‍ താമസിച്ച് ഫിസിയോ തെറാപ്പി നടത്തി. ഒന്‍പത് മാസങ്ങള്‍ പിന്നിട്ടതോടെ കൈകള്‍ക്ക് കാര്യമായ ചലനശേഷി ലഭിച്ചു തുടങ്ങി. രണ്ട് മാസം കൂടി കഴിഞ്ഞതോടെ കൈയുടെ പ്രവര്‍ത്തനം ശരാശരി മനുഷ്യന്റെ പ്രവര്‍ത്തനക്ഷമതയുടെ തൊണ്ണൂറ് ശതമാനം നേടാനായി. ഇപ്പോള്‍ മനുവിന് രണ്ട് കൈകളും കൊണ്ട് ജോലി ചെയ്യാന്‍ കഴിയും.
അബ്ദുള്ളയുടെ വരവ്
ഭീകരവാദം കൊടുമുടി കയറിയ അഫ്ഗാനില്‍ നിന്നാണ് അബ്ദുള്ള എത്തുന്നത്. അഫ്ഗാന് അതിര്‍ത്തിരക്ഷാസേനയിലെ ക്യാപ്റ്റനായിരുന്നു അബ്ദുള്ള. കുഴിബോംബ് നിര്‍വീര്യമാക്കുന്നതില്‍ വിദഗ്ധന്‍. ഭീകരവാദികളുമായി സൈന്യം കനത്ത പോരാട്ടം നടത്തുന്നതിനിടയില്‍ ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് നിര്വീര്യമാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് സൈനികര്‍ മരിച്ചു. അബ്ദുള്ളയുടെ ഇരുകൈകളും നഷ്ടമായി.
തുര്‍ക്കി, ഇറാന് എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സക്കായി അബ്ദുള്ളയെ കൊണ്ടുപോയെങ്കിലും ഇരു കൈകളും എന്ന സ്വപ്നം അവശേഷിച്ചു. പിന്നീട് ഭാരതത്തില്‍ പല സ്ഥലത്തും ചികിത്സക്കെത്തിയെങ്കിലും കൈ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അവിടെയെങ്ങുമില്ലായിരുന്നു. കൈ നല്കാന് ദാതാക്കളെ ലഭിക്കാത്തതും വന്‍ സാമ്പത്തിക ചെലവ് വരുന്നതുമായ ചികത്സയെ കുറിച്ച് മറ്റ് ആശുപത്രികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
അതിനിടെയാണ് അമൃത ആശുപത്രിയില്‍ മനുവിന്റെ കൈ മാറ്റല്‍ ശസ്ത്രക്രിയ വിജയിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ മുംബൈയിലെ ഡോക്ടര്‍മാരാണ് അബ്ദുള്ളയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് അബ്ദുള്ള അമൃതയിലെത്തി ഡോ.അയ്യരെ കാണുകയായിരുന്നു.്യു
അമ്മയുടെ കാരുണ്യം വീണ്ടും
കൈകള്‍ കിട്ടുമോ എന്ന അന്വേഷണത്തിനും ചികിത്സക്കുമായി അഫ്ഗാന് ബിഎസ്എഫ്, അബ്ദുള്ളക്കുവേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഒരു ക്യാപ്റ്റനുവേണ്ടി സൈന്യം ചെലവഴിക്കാന്‍ അനുവദിച്ച തുകയുടെ പരിധി കഴിഞ്ഞതിനാല്‍ അവര്‍ ചികിത്സ മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ അബ്ദുള്ളയോട് ആവശ്യപ്പെട്ടു. ജീവിതത്തില്‍ പ്രത്യാശയുടെ വെളിച്ചം കണ്ട അബ്ദുള്ള തന്റെ പ്രയാസങ്ങള്‍ ആശുപത്രി അധികാരികളെ അറിയിച്ചു. തുടര്‍ന്ന് അബ്ദുള്ളയുടെ ചികിത്സ ഏറ്റെടുക്കാന്‍ ആശുപത്രി തയ്യാറായി.
ദാതാവിനായി കാത്തിരിപ്പ്
ബിനോയിയുടെ കുടുംബം കൈ ദാനം ചെയ്തത് വാര്‍ത്തയായതോടെയാണ് കേരളീയര്‍ ഇങ്ങനെ ഒരു അവയവദാനത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിയുന്നത്. ഏതായാലും അബ്ദുള്ളയുടെ കാര്യത്തില്‍ ദാതാവിനെ കിട്ടാന്‍ താമസം ഉണ്ടായില്ല. നല്ല മനസ്സുള്ളവര്‍ ഇനിയുമുണ്ടെന്നതിന് തെളിവായി ഒരു സാധാരണ കുടുംബം കൂടി അവയവദാനത്തിന് സന്നദ്ധരായി.
എറണാകുളം സ്വദേശി അന്പതുകാരന് ജോസഫിന്റെ കൈ ദാനം നല്കാന് ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ മനംനൊന്തിരിക്കുമ്പോഴും കാരുണ്യത്തിന്റെ കൈത്താങ്ങാകാന്‍ അവര്‍ മുന്നോട്ടുവന്നു. ഒന്നും പ്രതീക്ഷിച്ചല്ല. നല്ല മനസിന്റെ വെളിച്ചം നല്കാന്. തന്റെ ജീവന്റെ ജീവനായവന്‍ വേര്‍പെട്ട് പോകുമ്പോഴും അദ്ദേഹത്തെ മറ്റുള്ളവരിലൂടെ കാണാന്‍ കഴിയുമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഈ കുടുംബം അബ്ദുള്ളയ്ക്കായി കൈ ദാനം നല്‍കിയതിന് പിന്നില്‍. അബ്ദുള്ളയ്ക്ക് ചികിത്സ ആരംഭിച്ചു.
മാത്രമല്ല ഭാര്യയ്ക്കും മകനും ഒരു വര്‍ഷം അബ്ദുള്ളയോടൊപ്പം കഴിയാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേക അനുമതി നല്കി. അബ്ദുള്ളയുടെ ചികിത്സയുടെ എഴുപത്തിയഞ്ചു ശതമാനവും അമൃതാനന്ദമയീ മഠത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആശുപത്രി തന്നെ വഹിക്കുകയായിരുന്നു.
അമ്മ ഉറങ്ങിയില്ല
ബേബിക്കും ഉത്തമനും ഇപ്പോള്‍ ബിജോയിയെ കൂടാതെ മനുവും മകനാണ്. ബിനോയിയുടെ വേര്‍പാടിനുശേഷം അവന്റെ സാമീപ്യം അനുഭവിക്കുന്നത് മനുവിലൂടെയാണ്. മനുവിന് ജലദോഷമാണെന്ന് അറിഞ്ഞ് കഴിഞ്ഞ ദിവസം ബേബി ഉറങ്ങിയില്ലെന്ന്ബിനോയിയുടെ അച്ഛന് ഉത്തമന് പറഞ്ഞു. പതിനാറ് വര്‍ഷം മുമ്പ് ഉത്തമന് മരത്തിന്റെ കൊമ്പ് വെട്ടുന്നതിനിടെ താഴെ വീണ് നട്ടെല്ല് തകര്‍ന്ന്, തളര്‍ന്ന് കിടപ്പിലായതാണ്.
തടിയില്‍ കൊത്തുപണി ചെയ്ത് കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഉത്തമന്റെ അപകടത്തെത്തുടര്‍ന്ന് മക്കള്‍ ഗ്ലാസ് ഡിസൈന്‍ ചെയ്യുന്ന ജോലി ചെയ്ത് കുടുംബം പുലര്‍ത്തി. ബിജോയിയും ബിനോയിയും ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞ ആ കുടുംബത്തിലേക്ക് എത്തിയ ദുരന്തം അവരെ വല്ലാതെ ഉലച്ചു കളഞ്ഞു. ഉത്തമന് കിടന്ന കിടപ്പിലും തന്നെക്കൊണ്ടാകുന്ന ജോലി ഇപ്പോഴും ചെയ്യുന്നു. കൊന്ത കെട്ടിക്കൊടുക്കുന്ന ജോലിയാണ് ചെയ്യുന്നത്. ബിജോയിക്ക് ഗ്ലാസ്ഡിസൈന് വര്‍ക്കാണ്
ഇത് നമ്മുടെ ബിനോയി
ശസ്ത്രക്രിയ കഴിഞ്ഞ് 9 മാസങ്ങള്‍ക്കുശേഷമാണ് ബിനോയിയുടെ കുടുംബം മനുവിനെ കാണുന്നത്. മനുവിനെ ആശുപത്രിയിലെത്തിയാണ് ബേബിയും ബിജോയിയും കണ്ടത്. ആ അമ്മയുടെ കണ്ണുകള്‍ ആദ്യം നീണ്ടത് മനുവിന്റെ കൈയ്ക്കുനേരെയാണ്. പിന്നെ അമ്മ മനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നീട് ബിജോയിയോട് പറഞ്ഞു ഇത് നമ്മുടെ ബിനോയിയാണെന്ന്. ഒരുവര്‍ഷത്തിനുശേഷമായിരുന്നു ബിനോയിയുടെ അച്ഛന് ഉത്തമനെ കാണാന്‍ മനു വീട്ടില്‍ എത്തിയത്.
മനുവിനും അബ്ദുള്ളയ്ക്കും സന്തോഷ ദിനങ്ങള്‍
ചികിത്സ കഴിഞ്ഞതോടെ ഇരുവരെയും തേടിയെത്തിയത് സന്തോഷവാര്‍ത്തയായിരുന്നു. മനുവിന് അമൃത ആശുപത്രിയില്‍ ജോലിക്കുള്ള ഉത്തരവ് അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി നല്കി്യുഅബ്ദുള്ളയ്ക്ക് മേജറായി അഫ്ഗാന് സിആര്‍പിഎഫ് ഉദ്യോഗക്കയറ്റം നല്കി.
സര്‍ക്കാര്‍ കനിയണം
ഇരുകൈ മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഡോ.സുബ്രഹ്മണ്യ അയ്യരുടെ അഭിപ്രായം. പലപ്പോഴും അപകടത്തില്‍ പെടുന്നത് ചെറുപ്പക്കാരാണ്. അവര്‍ രാജ്യത്തിന്റെ വാഗ്ദാനവും കുടുംബങ്ങളുടെ പ്രതീക്ഷയുമാണ്. ഏറെ ചെലവ് വരുന്ന ചികത്സക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭീമമായ തുക വേണ്ടിവരും. ചികിത്സക്ക് 20 ലക്ഷം രൂപയോളം ചെലവ് വരും. ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യ വര്‍ഷം ചികിത്സയ്ക്കും മരുന്നിനുമായി മൂന്ന് ലക്ഷവും പിന്നിട്ടുള്ള വര്‍ഷങ്ങളില്‍ ഒരു ലക്ഷം രൂപ വീതവുമാണ് ചെലവ്. സാധാരണക്കാര്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുകയും പിന്നീടുള്ള ചികിത്സക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുകയും ചെയ്താല്‍ ഭാവിയില്‍ ഇത് സാധാരണക്കാര്‍ക്ക് പ്രയോജനമാകും.
ഇവര്‍ക്ക് ജോലിയും സര്‍ക്കാര്‍ നല്‍കണം. ഹൈടെന്‍ഷന്‍ ഷോക്കേറ്റ് അപകടത്തില്‍പ്പെടുന്നവരാണ് ഇരു കൈകളും നഷ്ടപ്പെടുന്നവരില്‍ കൂടുതല്‍. അപകടത്തില്‍പ്പെട്ട് കൈ നഷ്ടപ്പെടുന്നവരും കുറവല്ലെന്നും ഡോ.അയ്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: