നെന്മാറ: ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയേയും മകനേയും ഒരു സംഘം ആളുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വിത്തനശ്ശേരി വെള്ളറ മിഥിന് (23) അമ്മ വനജ എന്നിവരെയാണ് ഇന്നലെ രാത്രി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുമ്പില്‍വെച്ച് അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മിഥിനും അയല്‍വാസിയായ ചന്ദ്രന്റെ മകന് ഭവദാസും തമ്മില്‍ ഇന്നലെ വൈകുന്നേരം വാക്കുത്തര്ക്കമുണ്ടാവുകയും ഇതിനുശേഷം മിഥിന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നേടുകയും ചെയ്തു. മിഥിന് കൂട്ടായി അമ്മയുമുണ്ടായിരുന്നു. ഇതിനിടെ മിഥിന് അക്രമിച്ചു എന്നു പറഞ്ഞ് ഭവദാസിന്റെ അമ്മ കമലവും ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പിന്നീട് അമ്മയെ തല്ലിയെന്നു പറഞ്ഞ് ബൈക്കുകളിലെത്തിയ ഭവദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ കയറി അക്രമം നടത്തുകയാണത്രേ ചെയ്തത്. നെന്മാറ പോലീസ് സ്റ്റേഷന്റെ മുന്‍വശത്താണ് സംഭവം നടന്നത്. നിരവധി ആളുകള്‍ നോക്കിനില്‍ക്കെ നടന്ന സംഭവത്തില്‍ ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: