പുതുക്കാട് : ഗുഡ്സ് ട്രെയിന്‍ പിടിച്ചിടാന്‍ വേണ്ടി പുതുക്കാട് റെയില്‍വേ ഗേറ്റ് അടച്ചിട്ടത് നൂറുകണക്കിന് വാഹനങ്ങളേയും അതിലെ യാത്രക്കാരേയും വലച്ചു. മുളങ്കുന്നത്തുക്കാവില് ഗുഡ്സ് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതാണ് പുതുക്കാടും മറ്റൊരു ഗുഡ്സ് ട്രെയിന്‍ പിടിച്ചിടാന്‍ ഇടയാക്കിയത്. നിരവധി ബോഗികളുണ്ടായിരുന്ന ഗുഡ്സ് ട്രെയിന്‍ റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടതാണ് റെയില്‍വേ ഗേറ്റ് അടച്ചിടാന്‍ ഇടയാക്കിയത്. രാവിലെ 7.15 മുതല്‍ 9.10 വരെ ഗേറ്റ് അടഞ്ഞുകിടന്നു. ഈ സമയം പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിനുകളില്‍ കയറുന്നതിനായി പാളം മുറിച്ചു കടക്കേണ്ടിയിരുന്ന നിരവധി യാത്രകാരും ദുരിതത്തിലായി.
ഗുഡ്സ് ട്രെയിനിന്റെ പ്ലാറ്റ് ഫോമിന് മുകളിലൂടെ കയറിയിറങ്ങിയാണ് മറുഭാഗത്തേയ്ക്ക് എത്തിയത്. ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ലാത്ത പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വന്നാല്‍ യാത്രകാര്‍ക്ക് ദുരിതം തന്നെയാണ്. വെള്ളിയാഴ്ച രാവിലെ പാളങ്ങള്‍ മറികടക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിലൂടെ കയറിയിറങ്ങുന്നതിനിടെ ഏതാനു വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ട്രെയിനിന്റെ പ്ലാറ്റ്ഫോമിലൂടെ കയറിയിറങ്ങുന്നതിനിടെ മറ്റൊരു പാളത്തിലൂടെ പാസഞ്ചര്‍ ട്രെയിന്‍ വന്നത് ശ്രദ്ധിച്ചിരുന്നില്ല. മറ്റു യാത്രകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ട്രാക്കിലേയ്ക്ക് ചാടാനിരുന്ന വിദ്യാര്‍ത്ഥികള്‍ പിന്‍വാങ്ങുകയായിരുന്നു. വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായത്. പുതുക്കാട് പോലുള്ള റെയില്‍വേ സ്റ്റേഷനില്‍ പാളങ്ങള്‍ മറികടക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് ഉടനെ സ്ഥാപിക്കണമെന്ന് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: