രാജപുരം: മുറിവുമായി വന്ന യുവാവിനെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഒടുവില്‍ ആശുപത്രിയിലെ വാച്ച്മാന് ഡോക്ടറായി. കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് വാച്ച്മാന് ഡോക്ടറായി യുവാവിന്റെ മുറിവിന് ചികിത്സ നടത്തിയത്. വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ മുറിവ് ഡ്രസ്സ് ചെയ്തത് വാച്ചുമാന്‍ എന്ന് പരാതി. യുവാവിനോടും ഒപ്പമെത്തിയവരോടും ഡ്യൂട്ടി ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായും ആക്ഷേപം. ബുധനാഴ്ച ദിവസം രാത്രിയില്‍ മലയോര ടൗണില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടി യുവാവിനെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ആശുപത്രി ക്വാര്ട്ടേഴ്സിലെത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. രക്തമൊഴുകുന്നതു കണ്ട ഡോക്ടര്‍ ഇവിടുന്നു കൊണ്ടു പോകണമെന്നും രക്തം ഫ്ളോറില്‍ വീണാല്‍ കഴുകി തരേണ്ടി വരുമെന്നു പറഞ്ഞതായും യുവാവും ഒപ്പമുണ്ടായവരും പറയുന്നു. ഇതിനു ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് വാച്ചുമാന്‍ ചികിത്സ ഏറ്റെടുത്തത്. യാതൊരു സുരക്ഷയുമില്ലാതെ പരിക്കേറ്റ കൈവിരലിന്റെ നഖം ഇയാള്‍ പറിച്ചെടുത്തതായും യുവാവ് പറഞ്ഞു. ഇതിനു ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതും വാച്ചുമാന്‍ ആണെത്രെ. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന്റെ കുടുംബം ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: