കാഞ്ഞങ്ങാട്: അര നൂറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിലും, പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട്ടെ പൗരാവലി സമാദരം പരിപാടിയിലൂടെ ആദരിക്കുന്നു. സമാദരം 10ന് വൈകുന്നേരം 4ന് പുതിയകോട്ട നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സമാദരം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് അഡ്വ.സി.കെ.ശ്രീധരന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പൗരാവലിയുടെ ഉപഹാരം മടിക്കൈ കമ്മാരന് സമര്‍പ്പിച്ച് പൊന്നാട അണിയിക്കും. പ്രശസ്തമായ പയ്യന്നൂര്‍ പവിത്രമോതിരം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന് കമ്മാരനെ അണിയിക്കും. പൗരാവലിയുടെ മംഗളപത്രം നഗരസഭ ചെയര്മാന് വി.വി.രമേശന് സമര്‍പ്പിക്കും. 78 വയസ്സ് തികഞ്ഞ മടിക്കൈ കമ്മാരന് കല്ല്യാണം കുരുക്ഷേത്ര 78 പുസ്തകങ്ങള്‍ സമര്‍പ്പിക്കും. ചടങ്ങി ല്‍ എ.വേലായുധന്, എ.വി.രാമകൃഷ്ണന്, എ. കെ.നാരായണന്, അഡ്വ.എം.സി. ജോസ്, മെട്രോ മുഹമ്മദ്ഹാജി, പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, പി.കോരന്മാസ്റ്റര്, വി.രവീന്ദ്രന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ബി.സുകുമാരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ടി.കെ.നാരായണന്, സി.യൂസഫ്ഹാജി, എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, സുകുമാരന്‍ പെരിയച്ചൂര്‍, പി.ദാമോദരപണിക്കര്‍, വി.വി. സുധാകരന്, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ. സി.കെ.ശ്രീധരന്, ജനറല്‍ കണ്‍വീനര്‍ എ.വി.രാമകൃഷ്ണന്, കണ്‍വീനര്‍ ടി.മുഹമ്മദ് അസ്ലം, പി.ദാമോദരപണിക്കര്‍, എസ്.കെ. കുട്ടന്, കൊവ്വല്‍ ദാമോദരന്‍ എന്നിവര്‍ സംബന്ധിച്ചു.
അസാമാന്യമായ നേതൃപാടവവും സംഘാടകമികവും അനുരഞ്ജന ശൈലിയും സമാദരണീയമായ വ്യക്തി പ്രഭാവവും കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തിയായിരുന്നു മടിക്കൈ കമ്മാരന്. മടിക്കൈ ആയംകോട് കുമ്മണാര്‍ കളരി തറവാട്ടില്‍ പി.കോരന്-കുമ്പയമ്മ എന്നിവരുടെ മകനായി 1938 ജനുവരി 1നായിരുന്നു കമ്മാരന്റെ ജനനം. ദുര്‍ഗ ഹൈസ്കൂളില്‍ പഠന കാലത്ത് എ.ഐ.എസ്.എഫ് നേതാവായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അടിയന്തരാവസ്ഥ കാലത്ത് ജനസംഘത്തിലും പ്രവര്‍ത്തിച്ച കമ്മാരന് അടിയന്തരാവസ്ഥ കാലത്തുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ജനതാ പാര്‍ട്ടിയിലും ബിജെപി രൂപീകരണത്തോടെ ബിജെപിയുടെ നേതൃനിരയിലുമെത്തി.
കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയുള്ള സമരത്തില്‍ മുന്‍നിര നായകനായിരുന്നു. 1983ല്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: