കാസര്‍കോട്: ജില്ലയിലെ തീരദേശ മേഖലയോട് മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ അവഗണന കാണിച്ച ചരിത്രമേയുള്ളു. ഇതിന്റെ ഫലമാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണം. 60 വര്‍ഷത്തോളം മാറി മാറി ഭരിച്ചിട്ടും തീരദേശ മേഖലകളില്‍ പുലിമുട്ടോടെയുള്ള കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ പറ്റാത്തവരാണ് കാലവര്‍ഷം അടുക്കുമ്പോള്‍ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഓര്‍ത്ത് പത്ര പ്രസ്താവന നടത്തി വരുന്നത്. ജില്ലയിലെ തീരങ്ങളില്‍ മുഴുവന്‍ പുലിമുട്ടോടുകൂടിയുള്ള കടല്‍ഭിത്തി നിര്‍മ്മിക്കണം. പ്രസ്താവനയല്ല മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരമാണെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. തീരദേശ മേഖലകളായ മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, ഉപ്പള, ശാരദാ നഗര്‍, മുസ്സോടി, ഐല, ചിത്താരി, അജാനൂര്‍, പുഞ്ചാവി, മുട്ടം, മൊഗ്രാല്‍, കോയിപ്പാടി, പെര്‍വാഡ്, നാങ്കി, ഗാന്ധിനഗര്‍, കാവുഗോളി, ചേരങ്കൈ, കാസര്‍കോട് കസബ, കീഴൂര്‍, നീലേശ്വരം, അഴിത്തല, വലിയപറമ്പ് എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ഹാര്‍ബര്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കരാറുകാരനുമായി ചില എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ഒരു സമുദായ സംഘടനകളുടെ നേതാക്കളും ഒത്തു കളിച്ചതിന്റെ ഫലമായിട്ടാണ് ഈ ഹാര്‍ബര്‍ ഇങ്ങനെയാവാന്‍ കാരണമെന്നും യോഗം വിലയിരുത്തി.
അജാനൂര്‍ മിനി ഹാര്‍ബറിന്റെ നിര്‍മ്മാണ കമ്മറ്റി ചെയര്മാന് കൂടിയായ മന്ത്രിയാണ് ജില്ലയിലുള്ളത്. ഹാര്‍ബര്‍ നിര് മ്മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാന്‍ അദ്ദേഹം എത്രയും വേഗം നടപടി സ്വീകരിക്കണം. പുഞ്ചാവി കടപ്പുറത്ത് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. അശാസ്ത്രീയമായി നിര്‍മ്മിച്ചതിന്റെ ഫലമായിട്ടാണ് ഈ അവസ്ഥ വരാന്‍ കാരണം. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഇവിടെയും രാഷ്ട്രീയകളി നടന്നതിന്റെ ഫലമായിട്ടാണ് അവസ്ഥ വരാന്‍ കാരണം. കാല വര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഭാസ്കരന് കീഴൂര്‍, രാജന് കീഴൂര്‍, ആര്.ഗണേഷ്, രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ്, നാരായണന് സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി.പവിത്രന് സ്വാഗതവും വിനയന് നന്ദിയും പറഞ്ഞു.
കടലാക്രമണം രൂക്ഷമായ കാസര്‍കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം- ചിത്രം:കുമാര്‍ കാസര്‍കോട്
കടലാക്രമണത്തില്‍ കടപുഴകിയ ചിത്താരികടപ്പുറത്തെ തെങ്ങുകള്‍- ചിത്രം:ജയേഷ് കാഞ്ഞങ്ങാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: