കാസര്‍കോട്: കാസര്‍കോട്ടെ അക്രമണ കേസുകളിലെ വാദികള്‍ അന്വേഷണത്തില്‍ പ്രതികളാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും വ്യാജ പരാതിക്കാര്‍ക്കെതിരെ നടപടികളെടുക്കണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്. കുറച്ചു കാലങ്ങളായി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനായി ചിലര്‍ അക്രമിക്കപ്പെട്ടതായി ആരോപിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന പതിവ് കൂടി വരികയാണ്. സ്വയം തയ്യാറാക്കുന്ന തിരക്കഥകളിലൂടെ ഇവര്‍ ദിവസങ്ങളോളം പോലീസിനെ ഇരുട്ടില്‍ തപ്പിക്കുന്നു. കേസുകളില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തിയാല്‍ ഇവരെല്ലാം തന്നെ പ്രതികളാകുന്നു കാഴ്ചയാണ് കാണന്നത്.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഓമ്നി വാനിലെത്തിയ സംഘം അക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു അവസാനം അത് വാദി തന്നെ ഉണ്ടാക്കിയ നാടകമാണെന്ന് പോലീസ് കണ്ടെത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഒരു കുടുംബത്തെ വീട് കയറി അക്രമിച്ചു, ഉമ നഴ്സിംഗ് ഹോമിനടുത്ത് വെച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു, ദേളിയില്‍ കുത്തി പരിക്കേല്‍പ്പിച്ചു എന്നീ സംഭവങ്ങള്‍ തുടങ്ങി കുറച്ചു കാലങ്ങളായി മുസ്ലിം ചെറുപ്പക്കാര്‍ അക്രമിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങള്‍ പോലീസ് അന്വേഷണങ്ങളില്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങളുയര്‍ത്തി വ്യാജ പരാതികള്‍ നല്‍കുന്നതിന് പിന്നില്‍ ജില്ലയിലെ ചില എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയാണ്.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് മുസ്ലിങ്ങള്‍ നിരന്തരമായി അക്രമിക്കപ്പെടുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില കോന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. വ്യാജ പരാതികള്‍ നല്കി പോലീസിനെ വട്ടം കറക്കുന്ന ഇത്തരം ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പി.രമേശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: