ശ്രീരാമന്‍ ദശരഥനോട് ഒരപേക്ഷ സമര്‍പ്പിക്കുന്നു. ”ഹേ ധര്‍മ്മമറിയുന്ന പിതാവേ, കൈകേയിയോടും ഭരതനോടും പ്രസാദിച്ചാലും. ഹേ പ്രഭോ, അങ്ങ് കൈകേയിലെ പുത്രനോടൊപ്പം നിന്നെ ഞാനുപേക്ഷിക്കുന്നു എന്നു ശപിക്കുകയുണ്ടായി. ആ ഘോരരൂപം പുത്രനടക്കം കൈകേയീ മാതാവിന് ഏല്‍ക്കാതിരിക്കണം.
” എന്ന് കൈകൂപ്പികൊണ്ടു പറഞ്ഞു. അങ്ങനെതന്നെയെന്നു പറഞ്ഞ് ശ്രീരാമനെ ശുശ്രൂഷിക്കുന്ന ലക്ഷ്മണനെ അനുഗ്രഹിച്ചശേഷം ദശരഥന്‍ സ്വര്‍ഗത്തിലേക്കു മടങ്ങി. എല്ലാ ദേവന്മാരും മഹര്‍ഷിമാരും അവരവരുടെ ആസ്ഥാനങ്ങളിലേക്കും മടങ്ങി.
ആ സമയത്ത് വിഭീഷണന്‍ രാമനെ സമീപിച്ച് ഇന്ന് സീതയുമൊത്ത് മംഗളസ്‌നാനം ചെയ്യണമെന്നും താന്‍ നല്‍കുന്ന സല്‍ക്കാരം സ്വീകരിക്കണമെന്നും അപേക്ഷിച്ചു. അതിന് രാമന്റെ മറുപടി ”എന്റെ സോദരനായ ഭരതന്‍ അത്യന്തം സുകുമാരനും എന്റെ ഭക്തനുമാണ്. അവന്‍ ജടാവല്‍ക്കലങ്ങള്‍ ധരിച്ച് എന്റെ നാമവും ജപിച്ച് എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. അവനെ കാണാതെ ഞാനെങ്ങനെയാണ് സ്‌നാനം ചെയ്യുന്നത്.
വസ്ത്രധാരണങ്ങള്‍ ധരിക്കുന്നത്. അവനോടുകൂടിയല്ലാതെ ഞാന്‍ കുളിക്കുകയോ അന്യ നഗരത്തില്‍ പ്രവേശിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല പതിന്നാലു സംവത്സരം തികയുന്നനാള്‍ ഞാന്‍ മടങ്ങിയെത്തില്ലെങ്കില്‍ അവന്‍ അഗ്നിപ്രവേശം ചെയ്യും. അതിനാല്‍ നിങ്ങള്‍ ഉടന്‍തന്നെ സുഗ്രീവാദി വാനരന്മാര്‍ക്ക് സല്‍ക്കാരം നടത്തുക. അവരെ സല്‍ക്കരിക്കുന്നത് എന്നെ സല്‍ക്കരിക്കുന്നതിനു തുല്യമാണ്. വിഭീഭണന്‍ വാനരന്മാര്‍ക്ക് സല്‍ക്കാരം നടത്തുക. അവരെ സല്‍ക്കരിക്കുന്നത് എന്നെ സല്‍ക്കരിക്കുന്നതിന് തുല്യമാണ്. അതിന്‍പ്രകാരം വിഭീഷണന്‍ വാനരന്മാര്‍ക്ക് വിരുന്നുനല്‍കി.
(തുടരും)
















