കൊല്ലം: മരത്തില്‍ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ പുലിക്കുട്ടി ചികിത്സയിലായിരിക്കെ ചത്തു. ജില്ലാ മൃഗാശുപത്രിയില്‍ ഇന്നലെ വെളുപ്പിനോടെയാണ് മരണം.
മൂന്ന് ദിവസം മുമ്പാണ് എട്ടുമാസം പ്രായമുള്ള പുലിക്കുട്ടിയെ വിദഗ്ധചികിത്സക്കായി ഇവിടെ എത്തിച്ചത്. ഇതാദ്യമായാണ് തേവള്ളിയിലെ ജില്ലാ മൃഗാശുപത്രിയില്‍ ഒരു പുലിക്കുട്ടിയെ ചികിത്സിക്കുന്നത്. പുനലൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പത്തനാപുരം റേഞ്ചില്‍ ഓന്തുപാറ വനമേഖലയില്‍ നിന്നാണ് കഴിഞ്ഞദിവസം പുലിക്കുട്ടിയെ കണ്ടെത്തിയത്. പരിക്കേറ്റ് അവശയായി ജനവാസമേഖലയോട് ചേര്‍ന്നുള്ള ഭാഗത്ത് മരച്ചുവട്ടില്‍ കാണപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി റേഞ്ച് ഓഫീസിലേക്കും പിന്നീട് തേവള്ളിയിലെ ജില്ലാ മൃഗാശുപത്രിയിലും പുലിക്കുട്ടിയെ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കോഴിയിറച്ചി നല്‍കിയെങ്കിലും പൂര്‍ണമായും കഴിച്ചില്ലെന്നും വേദനകൊണ്ടുള്ള അലര്‍ച്ച പുറപ്പെടുവിച്ചതായും നിരീക്ഷകര്‍ പറയുന്നു. അതിനിടെ ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
















