കൊല്ലം: കേരളപുരം കോവില്‍മുക്കില്‍ കുടുംബശ്രീ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍പോയ വീട്ടമ്മയെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കഞ്ചാവ് മാഫിയ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു.
മദ്യവും മയക്കുമരുന്നു ഉപയോഗിച്ച് മദോന്മത്തരായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘത്തിനെതിരെ നേരത്തെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ അപകടകരമായ രീതിയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്ന് സംഘത്തെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ഇത്തരം ദാരൂണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണഭയം കൂടാതെ പൊതുജനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും അതിനാല്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.എസ്.ശ്യാംകുമാര്‍ മുന്നറിയിത്ത് നല്‍കി. അക്രമത്തില്‍ പരിക്കേറ്റു ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സനൂജയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വസന്താബാലചന്ദ്രന്‍, കൗണ്‍സിലര്‍ കോകില എസ് കുമാര്‍, തൂവനാട്ട് സുരേഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ജയപ്രകാശ്, എന്‍ജിഒസംഘ് സംസ്ഥാന സെക്രട്ടറി ടി.എന്‍.രമേശ്, ജി.സന്തോഷ്‌കുമാര്‍, അഡ്വ.രൂപാബാബു, എം.വിനോദ്, ടി.സുനില്‍കുമാര്‍, ശ്രീദേവി എന്നിവര്‍ സന്ദര്‍ശിച്ചു.
















