ഈശ്വരനാണ് ഈ മര്‍ത്ത്യലോകത്തിന്റെ ജന്മവും ജന്മിയും ജന്മാന്തിരവും. ജന്മി എന്നത് തന്നില്‍ നിന്ന് ഉത്ഭൂതമായതു കൊണ്ടാണ്. ജന്മം എന്നത് ആ ആത്മാവ് ആ പൂര്‍ണ്ണവസ്തുവില്‍ ലയിക്കേണ്ടതാകകൊണ്ടത്രെ.
ജന്മാന്തരം എന്നത് ഈ ബോധത്തില്‍ തന്നെ കര്‍മ്മം കൊണ്ട് ലയിച്ചിരിക്കണം. ഈ അവസ്ഥ സ്വയമ്പായി കിട്ടണമെങ്കില്‍ ഈ മൂന്നു വിധവും ഒത്തു ഒരേ നിലയില്‍ എത്തണം. അപ്പോള്‍ മാത്രമേ ഈ വസ്തുവിന് (ആത്മാവിന്) സ്വയമ്പായിത്തീരുവാന്‍ സാധിക്കുന്നുള്ളു. സ്വയമ്പാക്കിത്തീര്‍ക്കുന്നതിന് വെളിയിലേക്കു വച്ചിരിക്കുന്ന ഒരു യന്ത്രമാണ് മനസാ, വാചാ, കര്‍മ്മണാ എന്ന ത്രിഗുണം. ഉള്ളില്‍ തങ്ങിനില്‍ക്കുന്നതു വെളിയിലേക്കു വ്യാപിക്കുന്നത് ഈ മാര്‍ഗ്ഗത്തിലൂടെയാണ്.
ഉള്ളില്‍ തങ്ങി നില്‍പില്ലെങ്കില്‍ ഈ മാര്‍ഗ്ഗം കൊണ്ടു പ്രയോജനമില്ല. മര്‍ത്യലോകത്തില്‍ ആര്‍ക്കും ഉള്ളില്‍ തള്ളി നില്‍ക്കുന്നത് ഭഗവല്‍സ്വരൂപമാണ്. അവന്റെ അവതാര അവസരമാണ് ഈ തള്ളല്‍ ആരംഭിക്കുന്നത്. അപ്പോള്‍ സര്‍വ്വമനുഷ്യരും മേല്‍പറയപ്പെട്ട മനസാ, വാചാ, കര്‍മ്മണാ എന്നാ മാര്‍ഗ്ഗം ശരിപ്പെടുത്തിക്കൊള്ളണം.
















