അസുഖങ്ങളില്‍നിന്ന് മുക്തിനേടുന്നതിനും സന്താനലബ്ധിക്കും മംഗല്യ ഭാഗ്യത്തിനും വേണ്ടിയിട്ടായിരുന്നു ആദ്യകാല നാഗപൂജകളെങ്കില്‍, പില്‍ക്കാലത്ത് മറ്റു ദേവതകളെപ്പോലെ തന്നെ സകല കാര്യങ്ങള്‍ക്കും വേണ്ടിയുള്ള നാഗാരാധന എവിടേയും നിലവില്‍വന്നു.
തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പ്രകൃതി ശക്തികളേയും (ഇടി, മിന്നല്‍, സൂര്യന്‍, ഗ്രഹങ്ങള്‍) തനിക്ക് ഉപകാരം ചെയ്‌യുന്ന പ്രകൃതി സത്തകളേയും (ജലം, വായു, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍) ദൈവമായി സങ്കല്പിച്ച് ആരാധിക്കുന്ന രീതി പഴയകാല മനുഷ്യര്‍ക്കുണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ പ്രദേശം കാടുകള്‍ നിറഞ്ഞതായിരുന്നല്ലോ. അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ പ്രധാന ഭീഷണി ഇഴജന്തുകളായിരുന്നു.
കാടു വെട്ടിത്തെളിച്ച് മനുഷ്യര്‍ കുടില്‍ കെട്ടിയപ്പോള്‍ ആവാസവ്യവസ്ഥിതിയില്‍ മാറ്റം നേരിട്ട പാമ്പുകള്‍ മനുഷ്യരെ ആക്രമിക്കുന്നത് നിത്യസംഭവമായി. അതോടെ മനുഷ്യര്‍ പാമ്പുകളെ ശത്രുവായി കരുതുകയും എവിടെക്കണ്ടാലും അതിനെ തല്ലിക്കൊല്ലുകയും പതിവായി.
ജൈവ വ്യവസ്ഥയുടെ താളംതെറ്റുന്നത് മനസ്സിലാക്കിയ ജ്ഞാനശ്രേഷ്ഠര്‍ പാമ്പുകളും മനുഷ്യരുമായുള്ള ഐക്യം നിലനിന്നാല്‍തന്നെയേ കാര്യങ്ങള്‍ നേരെയാകൂ എന്നുറച്ചു. അവരുടെ ബോധപൂര്‍വ്വമായ പ്രചാരണങ്ങളാണ് മനുഷ്യനെ നാഗാരാധനയിലേക്ക് തിരിച്ചത്. അത് ഒരു പ്രകൃതിപൂജതന്നെയായി പില്‍ക്കാലത്ത് മാറി.
















