പതിനാലു വര്‍ഷത്തെ വനവാസത്തിനുശേഷം അയോധ്യയില്‍ പ്രവേശിച്ച രാമനോട് ലക്ഷ്മണന്‍ പറഞ്ഞു:
‘ജ്യേഷ്ഠ! നമുക്കു വേഗംതന്നെ കൗസല്യ മാതാവിന്റെ സമീപത്തേക്കു പോകാം.’
അനുജന്റെ വാക്കുകേട്ട് ഒരു പുഞ്ചിരിയോടെ രാമന്‍ പറഞ്ഞു:
‘നാം ആദ്യം കൈകേയിമാതാവിനെയാണ് കാണേണ്ടത്. കാരണം, ഇനിയും വല്ലതും ഞാന്‍ നിര്‍വഹിക്കാനുണ്ടോ എന്നന്വേഷിക്കണം. അതിനു ശേഷമാവട്ടെ ബാക്കിയൊക്കെ.’
ഇത്രയും പറഞ്ഞ് അവര്‍ നേരെ കൈകേയിയുടെ ഗൃഹത്തിലെത്തി. രാമനെ കണ്ടമാത്രയില്‍ കൈകേയി ജാള്യതയാല്‍ തലതാഴ്‌ത്തി നിന്നു. രാമന്‍ കൈകേയിയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
‘അമ്മേ, ഞാനിതാ കാട്ടില്‍പ്പോയി വന്നിരിക്കുന്നു. എല്ലാം ശരിയായനുഷ്ഠിച്ചു. ഇനി അമ്മയുടെ ഏതാജ്ഞയാണ് ഞാന്‍ നടത്തേണ്ടത്?’
എന്നാല്‍ രാമന്റെ വാക്കുകേട്ട് കൈകേയി തലയുയര്‍ത്താതെ പറഞ്ഞു:
‘ഉണ്ണീ, ഒന്നുമില്ല. ഗൃഹത്തിലേക്കു പോയ്‌ക്കൊള്ളൂ.’
മറ്റുള്ളവരുടെ ഹിതത്തിനായിരുന്നു എന്നും രാമന്‍ മുന്‍ഗണന കൊടുത്തിരുന്നത്. അതായിരുന്നു രാമന്റെ കാഴ്ചപ്പാടും.
(അവസാനിച്ചു)
















