ലൗകികസാഹചര്യങ്ങളില്‍ കഴിയേണ്ടിവരുന്ന അനേകായിരം പേര്‍ക്ക് ആദ്ധ്യാത്മികചിട്ടകള്‍ പരിശീലിക്കുന്നതിനുള്ള അതുല്യമായ ഒരു സന്ദര്‍ഭമാണ് ശബരിമലതീര്‍ത്ഥാടനം നല്‍കുന്നത്. വ്രതനിഷ്ഠകളുടെ വിജയകരമായ പര്യവസാനം ദൈനംദിനജീവിതപ്രശ്‌നങ്ങളെയും മറ്റും മനസ്സാന്നിദ്ധ്യത്തോടെ നേരിടുവാനുള്ള ആത്മശക്തി അവര്‍ക്കു പകര്‍ന്നുനല്‍കുന്നു.
സത്യം, അഹിംസ, സാഹോദര്യം, ആത്മബോധം തുടങ്ങിയ യോഗാത്മകമായ ഒരു വിശാലവീക്ഷണത്തിന്റെ അടിസ്ഥാനം വ്രതനിഷ്ഠയ്‌ക്കുള്ളതിനാല്‍ അത് തീര്‍ഥാടകരെ സാംസ്‌കാരികമായും ആത്മീയമായും ഉദ്ധരിക്കുന്നു. സമാധാനവും അദ്ധ്യാത്മശക്തിയും മറ്റുള്ളവരുടെ ജീവിതത്തിലേക്കും പകര്‍ന്നുകൊടുക്കാനുള്ള കഴിവ് അവര്‍ക്കു ലഭിക്കുന്നു.
സ്വയം നിയന്ത്രണപരമായ ഈ വ്രതനിഷ്ഠയ്‌ക്ക് പ്രതിബന്ധമോ ഭംഗമോ വരാതിരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളെ അടിസ്ഥാനപരമായി പ്രാധാന്യമുള്ളവയായി നാം കരുതുകതന്നെ വേണം.
















