ഭൂമാഫിയ മണ്ണിട്ട നികത്തി പ്ലോട്ടുകളായി തിരിച്ച മുരിയാട് കണ്ണുകുളം പാടം
ഇരിങ്ങാലക്കുട : മുരിയാട് കണ്ണുകുളം പാടം ഭൂമാഫിയയുടെ പിടിയില്‍. നിയമവിരുദ്ധമായി പാടം മണ്ണിട്ടുനികത്തി ഭൂമി പ്ലോട്ടുകളായി തിരിച്ചു വില്‍ക്കുന്ന വലിയ ഭൂമാഫിയകളാണ് ഇവിടെ വിലസുന്നത്. ആര്‍എംആര്‍ കണ്‍സ്ട്രഷന്‍സ് പോലുള്ള ഭൂമാഫിയകമ്പനികളാണ് പുരാതനമായ കണ്ണുംകുളം പാടശേഖരത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മുകുന്ദപുരം താലൂക്കിലെ മുരിയാട് പഞ്ചായത്തിലെ പ്രകൃതിരമണീയമായ പ്രസിദ്ധമായ വട്ടപ്പറമ്പ് ശിവക്ഷേത്രത്തിനും പുരാതനമായ എരഞ്ഞനവള്ളി മനയ്ക്കും ഇടയില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം സ്ഥിതി ചെയ്യുന്ന വിരിപ്പൂ മുണ്ടകന്‍ പാടശേഖരമാണ് കണ്ണുകുളം പാടം. സമീപത്തായി രണ്ടുഭാഗത്തും കുന്നുകളും മനോഹരമായ കല്‍പ്പടവുകളോടുകൂടിയ വിശാലമായ കുളവുമുണ്ട്.
കുറച്ചു നാളുകളായി വിവിധ വകുപ്പു അധികാരികളുടെയും രാഷ്ട്രീയനേതാക്കളുടെയും ഒത്താശയോടെ ഈ പാടത്ത് ഭൂമാഫിയ പിടിമുറുക്കുകയും പാടത്തിന്റെ ഭൂരിഭാഗവും ഒരു ഭാഗത്തെ കുന്നിടിച്ച് താഴ്ത്തി മണ്ണെടുത്തു നികത്തുകയും ചെയ്തിരിക്കുകയാണ്. മാത്രവുമല്ല അടുത്തിടെ സമീപത്തെ മഴവെള്ളവും വഴിവെള്ളവും കുളത്തിലെ ഉറവനീരുമായി ചേര്ന്നൊഴുകിപോകുന്ന പുരാതനമായ തോടും മണ്ണിട്ട് നികത്തി അടച്ചിരിക്കുകയാണ്. ജെസിബി ഉപയോഗിച്ച് വളരെ വേഗത്തിലാണ് പരിസ്ഥിതിനാശകങ്ങളായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കുന്നത്. ഇതുമൂലം നിയമവിരുദ്ധമായി നിലംനികത്തലിന് തയ്യാറാകാതെ ശേഷിച്ചുകിടക്കുന്ന ഭൂമികളില്‍ മഴപെയ്താല്‍ വെള്ളം ഒഴുകിപോകാതെ രൂക്ഷമായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. നിയമം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്നവര്‍ക്ക് ഭൂമാഫിയയുടെ ഇത്തരം അനീതിമൂലം ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. തോട്ടില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
സംസ്ഥാനത്ത് ശക്തമായ തണ്ണീര്ത്തടനിയമങ്ങളുള്ളപ്പോളാണ് അതിനെ കാറ്റില്‍ പറത്തി മുന്‍സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജനങ്ങളുടെ പരാതികള്‍ വകവയ്ക്കാതെ വിനാശകരമായ ഇത്തരം പരിസ്ഥിതിവിരുദ്ധ കൈയ്യേറ്റങ്ങളും പാടം നികത്തലുകളും നടന്നിട്ടുള്ളത്. പുതിയ സര്‍ക്കാരിന്റെ പരിസ്ഥിതി കാര്‍ഷികാനുകൂല മനോഭാവത്തിന്റെ ആത്മാര്‍ത്ഥതയെ അറിയുവാന്‍ കാത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: