പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പഠനം അവസാനിപ്പിക്കേണ്ട വിദ്യാര്‍ഥിയുടെ കുടുംബത്തിന് 41.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയും പരാശ്രയം കൂടാതെ സ്കൂളില്‍ പോകാന്‍ കഴിയാതെ വരികയും പത്താംക്ലാസില്‍ പഠനം അവസാനിപ്പിക്കുകയും ചെയ്ത പന്തളം തെക്കേക്കര തട്ടയില്‍ സുദര്‍ശനം വീട്ടില്‍ രാധാകൃഷ്ണന്റെ മകന് രാഹുലിന് വേണ്ടി മാതാപിതാക്കള്‍ നല്കിയ നഷ്ടപരിഹാര ഹരജിയില്‍ മാതാവ് നല്കിയ തെളിവ് സ്വീകരിച്ചാണ് പലിശയുള്‍പ്പെടെ 41.5 ലക്ഷം നല്കാന് അഡീഷനല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ. ആര്. മനോജ് ഉത്തരവായത്.
2006 ഓഗസ്റ്റ് 15ന് തട്ട – പത്തനംതിട്ട റോഡില്‍ കൂടി നടന്നുപോയ രാഹുലിന്റെ തലയില്‍ അതിവേഗത്തില്‍ റോഡിലൂടെ പോയ ലോറിയിലെ വെളിയിലേക്ക് തള്ളിനിന്നിരുന്ന കമ്പി കൊളുത്ത് കൊണ്ട് രാഹുല്‍ വീണതിനെ തുടര്‍ന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. കൊച്ചി അമൃത ആശുപത്രി, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലെ ചികില്‍സയുടെ ഫലമായും തലയോട്ടി തുറന്ന് ഓപ്പറേഷന് നടത്തിയതിലൂടെയും ജീവന് രക്ഷപ്പെട്ടെങ്കിലും പഠനം നിര്‍ത്തേണ്ടിവന്നു. ഇപ്പോള്‍ പരസഹായമില്ലാതെ സഞ്ചരിക്കാമെന്ന നിലയിലാണ്. നഷ്ടപരിഹാര തുക ഒരു മാസത്തിനകം മൂന്നാം എതിര് കക്ഷിയായ നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി കെട്ടിവയ്ക്കണമെന്ന് കേസില്‍ ഉത്തരവായിരുന്നത്. രാഹുലിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് നല്കിയ ഹര്‍ജിയില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവായ സുഷമാദേവിയാണ് സ്വയം മൊഴി നല്കാന് കഴിയാത്ത മകന് വേണ്ടി തെളിവ് ഹാജരാക്കിയത്. അഡ്വ. ബാബു ജി. കോശി ചന്ദനപ്പള്ളി, അഡ്വ. അശ്വതി ബാബു എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: