ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കുന്നു.
ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.
ബുദ്ധി കത്രികപോലെയാണ്. എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനെയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്.
സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.ഏതുവിധത്തില്‍ മാറാനും ഏതു കടുത്ത സാഹചര്യത്തോടു ചേര്‍ന്നുപോകാനുമുള്ള കഴിവും ശക്തിയും മനസ്സിനുണ്ട്. ആ ശക്തി പൂര്‍ണമായി ഉണരാന്‍ ഹൃദയം തുറക്കണം.
















