ജന്മംകൊണ്ടുള്ള ജാതിവ്യത്യാസത്തെ സ്വീകരിക്കാതെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അദ്വൈതം പ്രചരിപ്പിച്ച ശ്രീബുദ്ധന്റെ മതം അൈദ്വത സിദ്ധാന്തത്തിന്റെ ശാഖ തന്നെയാണെന്ന് ശ്രീശങ്കരന്‍ സ്ഥാപിച്ചു. ജെ. പിസ്റ്റര്‍ എന്നു പൂര്‍വ്വാശ്രമത്തില്‍ അറിയപ്പെട്ടിരുന്ന ഭിക്ഷു ജ്ഞാനപ്രിയന്‍ എന്ന ജര്‍മ്മന്‍ ബുദ്ധസന്യാസി ഇപ്രകാരം പറയുന്നു, ‘ഹിന്ദുധര്‍മ്മം അല്പാല്പമായി ബുദ്ധമതക്കാരെ സ്വധര്‍മ്മത്തിലേക്ക് ആകര്‍ഷിക്കുകയും തദനുസൃതമായ മാറ്റങ്ങള്‍ സ്വധര്‍മ്മത്തില്‍ വരുത്തുകയുമാണ് ചെയ്തത്.
പൗരോഹിത്യത്തിന്റെ മതഭ്രാന്തിനും മന:പൂര്‍വമായ നശീകരണത്തിനും ബുദ്ധമതം ഒരിക്കലും ഇരയായിട്ടില്ല. ശങ്കരന്റെ പ്രച്ഛന്നബൗദ്ധനെന്ന നാമധേയം തന്നെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ബൗദ്ധസിദ്ധാന്തങ്ങളുമായിട്ടുള്ള സാദൃശ്യത്തിനും ദൃഷ്ടാന്തമാണ്. ഭാരതീയമല്ലാത്ത ഇസ്ലാം ധര്‍മ്മത്തിന്റെ തത്ത്വങ്ങളില്‍പോലും അദ്വൈതസിദ്ധാന്തത്തിന്റെ പ്രകടമായ സ്വാധീനം കാണാം. ഇസ്ലാം ധര്‍മ്മത്തിന്റെ ശാഖയായ സൂഫി സിദ്ധാന്തം വേദാന്തത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. സുപ്രസിദ്ധ സൂഫിവര്യനായ ജലാലുദ്ദീന്‍ റൂമി പ്രഖ്യാപിച്ച ‘അനല്‍ ഹഖ് ‘ (ഞാന്‍ അവന്‍ തന്നെയാകുന്നു) എന്ന ദാര്‍ശനിക സത്യത്തിന്റെ വേരുകള്‍ തേടിയാല്‍ എത്തിച്ചേരുന്നത് അദ്വൈതസിദ്ധാന്തത്തിലായിരിക്കും.’
യുക്തിക്ക് ശാങ്കരദര്‍ശനത്തില്‍ മഹത്തായ സ്ഥാനമുണ്ട്. ആത്മാവ് ശ്രീശങ്കരദര്‍ശനത്തില്‍ മതം മനുഷ്യന് ഈ ശരീരത്തിലിരുന്നുതന്നെ നിത്യാനന്ദം പ്രാപിക്കാനുള്ള ശാസ്ത്രമാണ്. നിത്യാനന്ദപ്രാപ്തിക്കായി ഈ പാരിടത്തില്‍ പിറന്നവര്‍ തമ്മില്‍ പരസ്പരം കലഹിക്കേണ്ട കാര്യവുമില്ല. ഇതാണ് ശങ്കരമതം. ഇങ്ങനെയുള്ള ശങ്കരമതത്തെ സ്വീകരിക്കുവാന്‍ നിക്ഷ്പക്ഷമതിയായ യുക്തിവാദികള്‍ക്കോ ശാസ്ത്രകുതുകികള്‍ക്കോ വിരോധം ഉണ്ടാവുകയുമില്ല.
















