സ്വയംവിമര്‍ശനം നല്ലതുതന്നെ. എന്നാല്‍ ആത്മനിന്ദ ഒഴിവാക്കണം. മറ്റുള്ളവരുടെജീവിതം മാതൃകയാക്കണം. എന്നാല്‍ അവരുടെ ജീവിതത്തില്‍ അസൂയാലുക്കളും അസ്വസ്ഥചിത്തരുമാകരുത്. ജീവിത വിജയം നേടിയ ആളുകളുടെ വിജയഗാഥകളും അവരുടെ സമ്പര്‍ക്കവും സത്സംഗവും നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്.
സ്വന്തം മനഃസാക്ഷിയുടെ മന്ത്രധ്വനികള്‍ നമുക്ക്‌കേള്‍ക്കാന്‍ സാധിക്കണം. മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവര്‍ത്തനം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. സ്വയം ശിക്ഷിതരും സ്വാഭിമാനികളും സൂക്ഷ്മദര്‍ശിനികളുമായിരിക്കണം. നാം അത്യാവശ്യഘട്ടങ്ങളില്‍സുചിന്തിതമായമായ തീരുമാനമെടുക്കുന്നതില്‍ നാം മുന്‍പന്തിയിലായിരിക്കണം.
ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാതെ കര്‍ത്തവ്യനിരതനായവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ശുഭാപ്തിവിശ്വാസമാണ് നമുക്കാവശ്യം. അന്യരോടുള്ള അനുതാപവും അന്യരുടെ ഉള്ളറിയാനുള്ളകഴിവും നമുക്കുണ്ടാവണം. പുറത്തുള്ളവയെ ഗഹനമായിനിരീക്ഷിക്കാനും അതില്‍നിന്ന് പാഠം പഠിക്കാനും സാധിക്കണം. മൗനം വിദ്വാനുമാത്രമല്ല നമുക്കും ഭൂഷണമാവും. ഏകാന്തതയും സ്വകാര്യതയും നല്ലതാണെങ്കിലും ബാഹ്യലോകവുമായുള്ള സമ്പര്‍ക്കമാണ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ നല്ലത്. നമ്മുടെ വിശ്വാസത്തില്‍ നാം ഉറച്ചുനില്‍ക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസം മാനിക്കാന്‍ നാം മടിക്കരുത്. സ്വന്തം ആത്മാവിനെ തൊട്ടറിയുക എന്നതാണ്പ്രധാനം.
കര്‍മ്മകുശലന്മാര്‍ ജയപരാജയങ്ങളെ സമചിത്തതയോടെയാണ് കാണുന്നത്. ജയപരാജയങ്ങളെ സമചിത്തതയോടെ സമീപിക്കുന്നവര്‍ വിജയത്തില്‍ അത്യാഹ്ലാദവും പരാജയത്തില്‍ അതീവ ദുഃഖവും പ്രകടിപ്പിക്കുന്നില്ല. അനുഭവങ്ങളാണ് നമുക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നത്. സ്വന്തം കഴിവില്‍ അഹങ്കരിക്കാത്ത ഇവര്‍ തങ്ങളുടെ കഴിവുകേടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈയോഗം അവരെ കര്‍ത്തവ്യനിരതരാക്കുന്നു. നാം ചില്ലറക്കാരല്ല. ദൈവത്തിന്റ സ്വന്തം സൃഷ്ടിയായ നാം പ്രകൃതിയുടെ പ്രതിരൂപമാണ്. സീമാതീതമായ കഴിവുകളുടെ കലവറയാണ്. അപരിമിതമായ ശക്തിശ്രോതസുകളാണ് നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നത്. ഈബോധം നമുക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.
















