പത്തനംതിട്ട: നവീകരണ പദ്ധതി പൂര്‍ത്തിയാക്കിയ എംസി റോഡില്‍ അപകടങ്ങളൊഴിവാക്കാനുള്ള 160 കോടിയുടെ സുരക്ഷാ പദ്ധതിയില്‍ നിന്നും പന്തളത്തെ ഒഴിവാക്കി.
കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായ പറന്തല്‍-മാന്തുക ഭാഗം ഒഴിവാക്കുകയായിരുന്നു. ഈ ഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ് എന്നീ എംഎല്‍എമാര്‍ ഈ വിഷയത്തില്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നവീകരണം പൂര്‍ത്തിയായതിനു ശേഷമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പറന്തലിനും മാന്തുകയ്ക്കുമിടയില്‍ 79 പേരാണ് അപകടങ്ങളില്‍ പെട്ട് മരിച്ചത്. മുന്നൂറോളം പേര്‍ക്കാണ് വ്യത്യസ്ത അപകടങ്ങളിലായി പരിക്കേറ്റിരുന്നത്. സംസ്ഥാന പോലീസ് തലപ്പത്ത് തന്നെ ഈ മേഖലയ്ക്ക് പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നതാണ്.
റോഡ് ഉപരിതല നിര്‍മാണവും കവലകളുടെ നവീകരണവും ഉള്‍പ്പെടുത്തി 16 മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സേഫ് കോറിഡോര്‍ പദ്ധതിയാണ് തയാറായിരിക്കുന്നത്. അടുത്ത മാസം പദ്ധതിക്ക് തുടക്കമാകുമെന്നും അറിയുന്നു.
എംസി റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനായി ലോക ബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ വശങ്ങളില് നടപ്പാത, ഓട, അപകട നിവാരണ മാര്‍ഗങ്ങള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കുറ്റമറ്റ രീതിയില്‍ ഓട നിര്‍മാണത്തിനു മാത്രമായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലോകനിലവാരത്തില്‍ നിര്‍മിച്ച എംസി റോഡിനു 10 വര്‍ഷം പിന്നിട്ടിട്ടും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും അപകടങ്ങള്‍ ഏറെയായിരുന്നു. ഇത് കണക്കിലെടുത്ത് നടത്തിയ സമഗ്ര പഠനത്തിനു ശേഷമാണ് പദ്ധതി ആവിഷ്കരിച്ചത്. അതെ സമയം, എംസി റോഡിലെ പന്തളം നഗരസഭ, കുളനട പഞ്ചായത്ത് പരിധിയിലെ അപകട മേഖലകള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാവുമെന്നാണ് സൂചന.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: