കല്‍പ്പറ്റ : കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വേകാന്‍ കുടുംബശ്രീ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. പരിസ്ഥിതി സൗഹൃദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലത്തെങ്കിലും ജൈവ മാതൃകയില്‍ കൃഷി ചെയ്യുന്നതിന് അയല്‍കൂട്ടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇത്തരത്തില്‍ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഓണക്കാലത്ത് കുടുംബശ്രീ ചന്തകളിലൂടെ വിപണനം നടത്തുകയാണ്ലക്ഷ്യം. തദ്ദേശഭരണസ്ഥാപനങ്ങള്‍, ജില്ലാഭരണകൂടം, കൃഷിവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മഹിള കിസാന്‍ സശാക്തീകരണപര്യയോജന(എംകെഎസ്പി)പദ്ധതിവഴി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂവ്വായിരത്തി ഇരുനൂറോളം കൂട്ടുത്തരവാദിത്ത സംഘങ്ങളാണ് നിലവില്‍ ജില്ലയില്‍ കൃഷി ചെയ്തുവരുന്നത്. 1826 ഹെക്ടര്‍ സ്ഥലത്ത് പ്രധാനമായും നെല്ല്, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഇതില്‍ 470 ഹെക്ടറില്‍ നെല്ലും 203 ഹെക്ടറില്‍ പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, എം.എസ് സ്വാമിനാഥന് റിസര്‍ച്ച് സെന്റര്‍, കൃഷി വകുപ്പ് എന്നിവയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരാണ് കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്..
കഴിഞ്ഞ വിഷുക്കാലത്ത് കുടുംബശ്രീയുടെ ഇടപെടല്‍ മൂലം വിപണിയില്‍ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സാധിച്ചിരുന്നു. ഈ മാതൃക വിജയകരമായതോടെയാണ് തുടര്‍ പ്രവര്‍ത്തനമെന്നോണം കാര്‍ഷിക മേഖലയില്‍ സമഗ്ര ഇടപെടലിന് കുടുംബശ്രീ ജില്ലാ മിഷന് പദ്ധതി തയ്യാറാക്കുന്നത്. വിഷുക്കാലത്ത് 28 ലക്ഷം രൂപയാണ് ചന്തകളിലൂടെ പച്ചക്കറികള്‍ മാത്രം വിറ്റഴിച്ച് കുടുംബശ്രീ ജെ.എല്‍.ജികള്‍ക്ക് നേടാന്‍ കഴിഞ്ഞത്. സി.ഡി.എസുകളില്‍ ആരംഭിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ജെ.എല്‍.ജി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജെഎല്ജികള്ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി സംഘടിപ്പിച്ച ജില്ലകളിലെ എംകെഎസ്പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാനതല സംഗമം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്. കെ.പി അദ്ധ്യക്ഷത വഹിച്ചു. അസി.ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.എ.ഹാരിസ്, ഡോ. അശ്റഫ് കല്‍പ്പറ്റ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. എം.കെ.എസ്.പി സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. രാഹുല്‍ കൃഷ്ണന് നേതൃത്വം നല്കി. അസി.ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.ശോഭ സ്വാഗതവും എം.കെ.എസ്.പി ജില്ലാ കണ്‍സള്‍ട്ടന്റ് സുഹൈല്‍ പി.കെ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: