കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അടിമപ്പെടാത്ത ഒന്നേയുള്ളൂ, അത് സംഗീതമാണ്. മനുഷ്യനെ സംസ്കാരമുള്ളവനാക്കുന്ന ദിവ്യമായ അമൃതാണത്. നമ്മുടെ ചിന്തകള്‍ മുതല്‍ ഹൃദയമിടിപ്പുവരെ നിയന്ത്രിക്കാന്‍ സംഗീതത്തിന് കഴിയും. തിരുനക്കര അമ്പലത്തിലെ ആല്‍ത്തറയില്‍ ഒത്തുചേര്‍ന്ന ഒരുകൂട്ടം സംഗീതപ്രേമികളുടെ നിരന്തര പരിശ്രമത്തില്‍ നിന്ന് രൂപംകൊണ്ടതാണ് കോട്ടയത്തെ രഞ്ജിനി സംഗീതസഭ.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും പാലക്കാട് മണി അയ്യരുടെയും കെ.വി.നാരായണ സ്വാമിയുടെയും ജന്മനാടുകളില് നിന്നുയരുന്ന സപ്തസ്വരധാര കോട്ടയം പട്ടണത്തിലെ പാതകളില്‍ക്കൂടി നടക്കുമ്പോഴും കേള്‍ക്കാന്‍ കഴിയണം എന്നതാണ് രഞ്ജിനി സംഗീതസഭയുടെ പ്രവര്‍ത്തനോദ്ദേശം. സംഗീതം ശുഷ്കമായിരുന്ന കോട്ടയം പട്ടണത്തെ സമ്പന്നമാക്കിക്കൊണ്ട് കഴിഞ്ഞ 40 വര്‍ഷമായി സഭ പ്രവര്‍ത്തിച്ചുവരികയാണ്.
കര്‍ണ്ണാടക സംഗീതത്തെ പരിപോഷിപ്പിക്കുക, അതിന് ആഗോളതലത്തില്‍ അംഗീകാരം നേടിക്കൊടുക്കുക എന്ന ലക്ഷ്യവും ഉണ്ട്. 1967 മാര്‍ച്ച് 29-ാം തീയതി പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെ സംഗീതക്കച്ചേരിയോടുകൂടിയാണ് സഭയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ മാസവും മുടങ്ങാതെ സംഗീത പരിപാടികളും ത്യാഗരാജ ആരാധന, സ്വാതിതിരുനാള്ദിനാഘോഷം തുടങ്ങിയ പ്രത്യേക പരിപാടികളും സംഗീത മത്സരങ്ങളും നടത്തിവരുന്നു. സംഗീത ലോകത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ച് 500ലധികം പരിപാടികള്‍ നടത്താന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഡോ. എം.ബാലമുരളി കൃഷ്ണ, വി.ദക്ഷിണാമൂര്‍ത്തി, കെ.ജെ.യേശുദാസ്, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, കദ്രി ഗോപാല്‍നാഥ്, മധുരൈ സോമസുന്ദരം, കടലൂര്‍ സുബ്രഹ്മണ്യം എന്നീ പ്രശസ്ത സംഗീതജ്ഞര്‍ സഭയില്‍ പാടിയിട്ടുണ്ട്. നാമഗിരിപേട്ട കൃഷ്ണന്, തിരുവിഴ ജയശങ്കര്‍, തുറവൂര്‍ നാരായണപ്പണിക്കര്‍, ഷേക്ക് ചിന്ന മൗലാന സാഹിബ്, ഇഞ്ചിക്കുടി കന്തസ്വാമിപിള്ള തുടങ്ങിയ പ്രശസ്ത നാദസ്വര വിദ്വാന്മാരും, പ്രശസ്ത നര്‍ത്തകരായ ഡോ. പത്മസുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരയ്യര്‍, ലക്ഷ്മി ഗോപാലസ്വാമി, കനകദുര്‍ഗ, മഞ്ജു വാര്യര്‍, ദിവ്യാ ഉണ്ണി, ശോഭന, രാജശ്രീ വാര്യര്‍ എന്നിവരും മാന്‍ഡലിന്‍ വിദ്വാന് യു. ശ്രീനിവാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍, എം.ജി.രാധാകൃഷ്ണന്, ഡോ. കെ.ഓമനക്കുട്ടി, നെടുമങ്ങാട് ശിവാനന്ദന്, വീണ വിദ്വാന് അനന്തപദ്മനാഭന്, ചിട്ടി ബാബു എന്നിവരും കോട്ടയം വീരമണി, മാതംഗി സത്യമൂര്‍ത്തി എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അഖിലേന്ത്യാതലത്തില്‍ മറ്റു കലാസംഘടനകള്ക്കിടയില് ഒരു പ്രത്യേക സ്ഥാനം കൈവരിക്കുവാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയെ സംഗീതത്തിലേക്ക് ആനയിക്കുന്നതിനുവേണ്ടി രൂപംകൊണ്ട രഞ്ജിനി സംഗീത വിദ്യാലയത്തില്‍ വായ്പ്പാട്ട്, വയലിന്, മൃദംഗം എന്നീ വിഭാഗങ്ങളില്‍ എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവാര്‍ഡുകളും ബഹുമതികളും കരസ്ഥമാക്കുന്ന സംഗീതവിദ്വാന്മാരേയും ഇതരകലാകാരന്മാരെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സഭ ഒരിക്കലും പിന്നിലായിട്ടില്ല.
ഈ വര്‍ഷം സംഗീതം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികള്‍ കേരള സംഗീത നാടക അക്കാദമിയും സഭയുമായി ചേര്‍ന്നു നടത്തിയിട്ടുണ്ട്. ജൂലൈ 4ന് വിപുലമായ പരിപാടി നടത്താനാണ് സഭ ഉദ്ദേശിക്കുന്നത്. നിലവില്‍ സഭയുടെ പ്രവര്‍ത്തനം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് പ്രസിഡന്റ് വി.വി.കേശവന് നമ്പൂതിരി, സെക്രട്ടറി വി.വി.പരമേശ്വര അയ്യര്‍, ഖജാന്‍ജി എ.ജി.ഗോപി എന്നിവര്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ നിര്‍വ്വാഹക സമിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: