ഞാൻ എന്നുണ്ണിക്കണ്ണനുറങ്ങാൻ എന്ന സീരിയൽ ദൂരദർശനിൽ എഴുതി സംപ്രേഷണം ചെയ്യുന്ന കാലം. രണ്ടായിരാമാണ്ട് എന്നുവേണമെങ്കിൽ പറയാം. ഷെഡ്യൂൾ ബ്രേക്ക് ആണ്. റിയാൻ സ്റ്റുഡിയോയിലെ ടൂറിസ്റ്റുഹോം റൂമിൽ ഞാനും സുഹൃത്തുക്കളും ഇരിക്കുന്നു. സീരിയൽ പ്രവർത്തകരുമുണ്ട്. അടുത്ത ഷെഡ്യൂളിനെപ്പറ്റിയാണ് സംസാരം.
ഈ സമയത്താണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് കിച്ചു(കൃഷ്ണകുമാർ) എന്നെ പുറത്തേക്ക് വിളിക്കുന്നത്. സന്ദർശകമുറിയിൽ ഒരു യുവതി കാത്തിരിക്കുന്നു. പരിചയമില്ല. പള്ളുരുത്തിക്കാരിയായ അവരെ കൃഷ്ണകുമാർ പരിചയപ്പെടുത്തി. ‘‘നാടകനടിയാണ്. സീരിയലിലോ മറ്റൊ ഒരു ചാൻസ്‌കിട്ടിയാൽ വേണ്ടില്ല.’’ ബുദ്ധിമുട്ടുകളുടേയും പ്രാരാബ്ധങ്ങളുടേയും കെട്ടുകൾ അവർ അഴിക്കുകയും ചെയ്തു.
‘‘ഈ സീരിയലിൽ പുതിയ ആർട്ടിസ്റ്റുകൾക്ക് സാധ്യത തീരെ കുറവാണ്. ഒന്നോ രണ്ടോ ഷെഡ്യൂൾ കഴിഞ്ഞുണ്ടായാൽ നോക്കാം. ’’
‘‘ഈ സീരിയലിൽ തന്നെ വേണമെന്നില്ല സാർ, മറ്റേതെങ്കിലും സീരിയലുകളിലേക്കാണെങ്കിലും ഒന്നു റെക്കമന്റ് ചെയ്താൽ വലിയ ഉപകാരമായിരുന്നു. വിനയപൂർവ്വം യുവതിയുടെ മറുപടി. നോക്കട്ടെ പറഞ്ഞൊഴിഞ്ഞു. പിന്നീട് പലപ്പോഴും ആ യുവതിയുടെ കാര്യം കിച്ചു ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോാണ് എന്റെ ഒരു സുഹൃത്ത് കുട്ടികളുടെ സിനിമ സംവിധാനം ചെയ്യാനായി തുനിഞ്ഞത്. പുതുമുഖങ്ങളെ തേടുന്നു.
സുഹൃത്തിന് ഞാൻ യുവതിയെ റെക്കമെന്റ് ചെയ്തു. എറണാകുളം ഹറാമെയ്ൻ ഹോട്ടലിൽ യുവതി സംവിധായകരേയും കാമറാമാനേയും ഒക്കെ ചെന്നുകണ്ടു, പരിചയപ്പെട്ടു. യുവതിയെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. പെരുമ്പാവൂരിലായിരുന്നു ഷൂട്ടിങ്. യുവതി അങ്ങനെ സിനിമാനടിയായി. പിന്നീട് ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോഴും അഭിനയം തുടരുന്നു. എനിക്ക് വർക്കുകളില്ലാത്ത ഒരു ഗ്യാപ് കാലം. എന്റെ ചങ്ങാതിയുടെ ഒരു സീരിയൽ സെറ്റിൽ പോയി. ഫോർട്ടുകൊച്ചിയിലാണ് ലൊക്കേഷൻ.
ആ നടി അവിടെയുണ്ട്. പരിചയക്കാരെല്ലാം കണ്ടു സംസാരിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന നടി തന്ത്രപൂർവ്വം അവിടെ നിന്നും മാറി.
വേറെ ആരോ ആ നടിയോടുപറഞ്ഞു. ‘‘അറിയില്ലെ, സ്‌ക്രിപ്റ്റ് റൈറ്ററാ. കണ്ടതായിതോന്നുന്നുണ്ട്. വെണ്ണല മോഹൻ എന്നോ മറ്റോ അല്ലെ പേര്.
അതുകേട്ട ഞാൻ ചിരിച്ചുകൊണ്ടുപറഞ്ഞു. മറ്റോ എന്നല്ല പേര്. വെണ്ണല മോഹൻ എന്നുതന്നെയാ.’’ പിന്നീട് ഇതേ നടിയെ കാണുന്നത് ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ചാണ്. ഞാനന്ന് രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന സീരിയലിൽ വേഷം ചെയ്യുന്നുണ്ട്. കാസറ്റ് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നതുകാരണം മേക്കപ്പ് പോലും മാറാതെ വന്ന് ഡബ്ബ് ചെയ്ത് തിരിച്ചുലൊക്കേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കാഴ്ച. അവരും ഏതോ സീരിയലിൽ വേഷം ചെയ്തത് ഡബ്ബുചെയ്യാൻ വരികയായിരുന്നു.
അന്ന് എനിക്ക് വേറൊരു ടെലിഫിലിമിന്റെ എഴുത്തുജോലിയുണ്ടായിരുന്നു. കണ്ടപാടെ നീട്ടിത്തൊഴുതു. സാർ…വർക്കൊക്കെ വന്നാൽ വിളിക്കണം. എെന്ന മനസ്സിലായോ? ’’ ഞാൻ ചോദിച്ചു.
അയ്യോ അതെന്താ അങ്ങനെ പറയുന്നത്. എനിക്ക് മറക്കാൻ പറ്റ്വോ?. ’’
‘‘മേക്കപ്പിടണം മനസിലാവാൻ അല്ലേ?.’’ ചിരിയിൽ പൊതിഞ്ഞുപറഞ്ഞു ഞാൻ-
എന്നാൽ-
നാടകസമിതിയുടെ പേര് സ്വന്തം പേരോട് ചേർത്തറിയുന്ന ആ നടന്റെ കാര്യം വേറൊരു രീതിയിലായിരുന്നു. സ്ത്രീ എന്ന യന്ത്ര മീഡിയയുടെ മെഗാസീരിയൽ എഴുതാൻ ആദ്യം ഏൽപ്പിച്ചത് എന്നെയായിരുന്നു (പിൻചരിത്രം വേറെ). അഡ്വാൻസ് വാങ്ങി എജെ ടൂറിസ്റ്റുഹോമിൽ എഴുത്തിന്റെ പ്രാരംഭപ്രവർത്തനവുമായി ഇരിക്കുന്നു.
ഇതിനിടെ ഈ നടൻ എങ്ങനെയോ കാര്യം അറിഞ്ഞു. റൂമിൽ വന്നു പരിചയപ്പെട്ടു. എന്നേക്കാൾ പ്രായമുള്ള ആ നടന് പ്രായം പോലും മറന്നുള്ള എന്തൊരു വിനയം. പുള്ളിചെയ്ത നാടകങ്ങളുടെയും സീരിയലുകളുടേയും കാര്യങ്ങളും കഥാപാത്രങ്ങളെക്കുറിച്ചും സവിസ്തരം വിശദീകരിച്ചു. ചാൻസിന്റെ കാര്യം മറക്കാതെ പറഞ്ഞു.
രാവിലെ വരും. മുറിയിൽത്തന്നെ. എനിക്കുവേണ്ട ഏത് കാര്യങ്ങളും ചെയ്തുതരാൻ ഒരു പരിചാരക വിധേയത്തോടെ.
അതിനിടെ സീരിയൽ പ്രൊഡ്യൂസറും സംവിധായകനുമായ ശ്യാംസുന്ദർ മദിരാശിയിൽ നിന്നും എത്തി. കൂടെ സീരിയൽ സംവിധായകനായ പ്രശാന്ത് ഉണ്ണിയും സ്ത്രീയുടെ എപ്പിസോഡ് സംവിധായകനായ വേണുഗോപാലും. ചർച്ച നടന്നുകൊണ്ടിരിക്കെ, പിറ്റേന്ന് പ്രശസ്ത തിരക്കഥാകൃത്തായ മണി ഷോർണൂരും അവിടേക്കുവന്നു.
ശ്യാംസുന്ദറുമായി അൽപം നീരസത്തിലായിരുന്നു മണി ഷോർണൂർ. ഐസിന്റെ തണുപ്പിൽ നീരസം പറഞ്ഞുതീർന്നു. അതോടെ ആ സന്തോഷത്തിന് സ്ത്രീ എഴുതാൻ എന്നിൽ നിന്നും മണി ഷോർണൂറിനെ ഏൽപ്പിച്ചു. എനിക്കാകട്ടെ പുതിയ പ്രോജക്ട് തരാമെന്ന വാഗ്ദാനവും അത് പ്രശാന്ത് ഉണ്ണി ഡയറക്ട് ചെയ്യും എന്ന വാക്കുറപ്പിക്കലും.
കാര്യങ്ങൾ നമ്മുടെ നടനും അറിഞ്ഞു. പിന്നെ എന്നെ കണ്ടാൽ കണ്ട ഭാവമില്ല. വിളിച്ചാൽ പോലും മറുപടി ഒരു വികൃത മൂളലിൽ. ശേഷം സീരിയൽ എഴുത്തൊന്നും ഇല്ലാതിരുന്ന കാലം. ഞാൻ ഡബ്ബിങുമായി നടക്കുന്നു.
ഡബ്ബ് ചെയ്യുന്ന സ്റ്റുഡിയോയിൽ നടനും എന്തോകാര്യത്തിന് എത്തി. കണ്ട ഭാവമില്ല. പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറെ മാറ്റിനിർത്തി എന്തോ രഹസ്യം പറഞ്ഞു. കുറച്ചുനിന്ന ശേഷം പോയി.
എന്റെ ഡബ്ബിങ് തീർന്നപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ എന്നോടു സ്വകാര്യമായി ചോദിച്ചു. നിങ്ങൾ തമ്മിൽ വല്ല പിണക്കവും ഉണ്ടോ?. ഇല്ല…ഉം എന്താകാര്യം?
‘‘നിങ്ങൾക്കെന്തിനാ ഡബ്ബിങ് തന്നത് എന്നാ കക്ഷി ചോദിച്ചത്.’’ ഞാൻ അത്ഭുതപ്പെട്ടു നിന്നു.
ജീവൻ ടിവിയിലെ ആദ്യ മെഗാപരമ്പരയായ സ്ത്രീധനം എന്റെ തന്നെ നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. തിരക്കഥയും എന്റേതുതന്നെ. ഷൂട്ടിങ് തിരുവനന്തപുരത്ത്. വിൻസർ പാലസിലാണ് അന്നു ഞാൻ താമസിച്ചിരുന്നത്. പ്രഭാതനടത്തം കഴിഞ്ഞുതിരിച്ചുവരുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം. ‘‘ഹായ്…ഇവിടുണ്ടായിരുന്നോ.
തിരിഞ്ഞുനോക്കിയപ്പോൾ നമ്മുടെ കഥാപാത്രം നടൻ. ഉറക്കെച്ചിരിച്ചുകൊണ്ട് എന്നെ വന്നുകെട്ടിപ്പിടിച്ചു. ‘ ഞാൻ വിയർത്തിരിക്കുകയാണ്’ തെന്നിമാറാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. വിടാതെ തന്നെ നടൻ. എന്റനിയന്റെ വിയർപ്പ്..എന്താ അറപ്പാണോ. അയാൾ ഒന്നൂകൂടെ ചേർത്തുപിടിച്ച് അവിടെ നിന്നവരോടായി പറഞ്ഞു. എത്രവർഷത്തെ പരിചയമാണെന്നറിയാമോ? എനിക്കെന്റെ സ്വന്തം അനിയനപ്പോലെയാണ്.
പിന്നെ എന്നോടായി തിരിഞ്ഞു. ‘‘ഇപ്പോഴും ഞാൻ വേഷം ചെയ്യുന്നുണ്ട്. അറിയാല്ലോ. നമ്പർ മാറീട്ടില്ല!.’’ ഞാൻ ചിരിച്ചു മനസ്സിൽ പറഞ്ഞു, നമ്പർ മാറീട്ടില്ല!.
പഞ്ചുഭദ്രൻ എന്നാണ് ഞങ്ങൾ അയാൾക്ക് പേരിട്ടിരുന്നത്. ഒരു സീരിയലിൽ ഭദ്രൻ എന്നായിരുന്നു അയാളുടെ പേര്. എപ്പിസോഡുകളെല്ലാം അവസാനിക്കുന്നത് ഈ ഭദ്രൻ എന്ന കഥാപാത്രത്തിന്റെ പഞ്ചിലായിരുന്നു. അതുകൊണ്ടാണ് പഞ്ച് ഭദ്രൻ എന്ന പേര് ലഭിച്ചത്.
ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ചാൻസും ചോദിച്ച് തനിക്കേറ്റ അവഗണനകളെ എണ്ണിപ്പറഞ്ഞ് സഹതാപം നേടി അയാൾ ഞങ്ങളോടൊപ്പം ദിവസങ്ങൾ തള്ളി നീക്കും.
ഇതിനിടെ ദിലീപിന്റെ ഒരു സിനിമ വരുന്നുണ്ടെന്നും അതിലൊരു വില്ലനെ ആവശ്യമുണ്ടെന്നും അറിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ഭദ്രനെ പറഞ്ഞുവിട്ടു. നല്ല ആകാരഭംഗിയും മുഖശ്രീയുമുള്ള ഭദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ നടനായി. പിന്നീട് ഒട്ടേറെ സിനിമകളിൽ നാടകനടൻ വരെയായി. ചില്ലറപ്രശ്‌നങ്ങളിൽ പോലീസ് സ്‌റ്റേഷൻ കയറുകയും ചെയ്തു.
തിരുവനന്തപുരത്ത് ഒരു സീരിയൽ സെറ്റിൽവച്ചാണ് ഭദ്രനെ പിന്നീടുകണ്ടത്. ആരെയോ അന്വേഷിച്ചുവന്ന അയാൾക്ക് ഒരു പരിചയഭാവം അൽപം മാത്രം.
എന്നാൽ ഞാൻ ഒരു സിനിമ ഡബ്ബുചെയ്യുകയായിരുന്നു. ഡയറക്ടർ റജിയാണ്. വർഷങ്ങൾക്കുമുമ്പ് ഞാൻ പത്രാധിപരായിരുന്ന ഒരു വാരികയിൽ ഫീച്ചറുകളുമായി വന്നിരുന്ന റജി. പലവട്ടം മാറ്റിയെഴുതിയും വെട്ടിയും തിരുത്തിയും റജിയെ നിരാശപ്പെടുത്താതെ ഞാൻ അതിൽ ചിലതുപ്രസിദ്ധീകരിച്ചിരുന്നു.
റജി ഒട്ടേറെ ചിത്രങ്ങൾ ചെയ്തിരിക്കുന്നു. അതിലെ ഒരു ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായാണ് ഞാൻ എത്തിയിരിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റിനേക്കാൾ എത്രയോ ഉയരത്തിലാണ് ഡയറക്ടർ. അതുകൊണ്ടുതന്നെ റജിയെ കാണാൻ പോയില്ല.
പക്ഷെ,
എങ്ങനെയോ റജി ഞാൻ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഓടിവന്നു. എല്ലാവരേയും ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി പത്രപ്രവർത്തകനായും എഴുത്തുകാരനായും പരിചയപ്പെടുത്തി. അന്ന് അക്ഷരത്തെറ്റുകൾ അടക്കം ഉണ്ടായിരുന്ന റജിയുടെ ഫീച്ചറുകൾ മാറ്റി എഴുതിയും തിരുത്തിയും പ്രസിദ്ധീകരിച്ചത് ഒരു ചളിപ്പും കൂടാതെ പറയുകയും നന്ദി ആവർത്തിക്കുകയും ചെയ്തു.
നനഞ്ഞത് എന്റെ കണ്ണോ? മനമോ?
ഞാനെഴുതിയ സീരിയലിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഇപ്പോൾ സിനിമാ സംവിധായകനായ ഉമ്മൻ കരിക്കോട്. നാളുകൾ കഴിഞ്ഞു.
ഉമ്മർ സിനിമാ സംവിധായകനായി. പഴയ സ്‌നേഹം അയാളിൽ നിന്നു. എന്നെ വിളിച്ചു. സ്‌ക്രിപ്റ്റും എല്ലാം ഞാനാ ചെയ്യുന്നത്. എന്തായാലും മോഹനേട്ടൻ എന്റെ സിനിമയിൽ ഒരു വേഷം ചെയ്യണം. നമ്മളെല്ലാം ഒന്നിച്ചുനിന്നതല്ലെ. ഇനിയും അങ്ങനെ വേണം.
ഞാൻ ചെന്നു. ഉമ്മറിന്റെ ബോംബെ മിഠായിയിലും റേഡിയോയിലും വേഷങ്ങൾ ചെയ്തു. അതുപോലെതന്നെ ജയൻ കുളിർമയും ഞാനും ഒന്നിച്ച് സീരിയലിൽ വർക്ക് ചെയ്ത സുഹൃത്തുക്കളായിരുന്നു. ജയൻ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തപ്പോൾ സ്‌നേഹത്തോടെ അതിലേക്ക് അഭിനയിക്കാൻ വിളിച്ചതും ഈ രംഗത്തെ മറ്റൊരു മുഖം.
തിരുവനന്തപുരത്ത് മനുഷ്യന്റെ കേവലാവസ്ഥകളെ കോർത്തിണക്കി ഒരു സീരിയൽ ചെയ്യാൻ തീരുമാനിച്ചു. നടനായ ഇന്ദ്രൻസ് ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ. സിനിമാ രംഗത്തെ മാന്യനായ നടൻ. അഡ്വാൻസുതന്നു. എഴുത്താരംഭിച്ചു. ചാനലിലെ ചില സാങ്കേതിക പ്രശ്‌നങ്ങളാൽ സീരിയൽ മാറ്റിവയ്‌ക്കേണ്ടിവന്നു. ഞാൻ അഡ്വാൻസ് മടക്കിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അത് വാങ്ങിയില്ല. നമുക്കെന്നെങ്കിലും ഒരെണ്ണം ചെയ്യാം.
തിന്റെ അഡ്വാൻസായി ഇരിക്കട്ടെ.
തിരിച്ചുപോരാൻ നിൽക്കുമ്പോഴാണ് പഴയ പരിചയക്കാരനായ സിനിമ-സീരിയൽ സംവിധായകനെ കണ്ടത്. പലതവണ സീരിയൽ കഥ അദ്ദേഹത്തിന്റെ കൊല്ലത്തെ വീട്ടിലും തിരുവനന്തപുരത്ത് എത്തിച്ചേർന്നും ഡിസ്‌കസ് ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ വേറൊരു സീരിയൽ ചെയ്യുന്നു.
ഇവിടെവരെ വന്ന ചങ്ങാതിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ..വരണം
ഞാൻ ചെന്നു.
അദ്ദേഹം ചെയ്തുകൊണ്ടിരുന്ന മാർത്താണ്ഡവർമ്മ എന്ന ചരിത്രസീരിയലിൽ ഒരു വേഷം തന്നു. കുറച്ച് എപ്പിസോഡുകൾ ഉള്ള വേഷം. കഴിഞ്ഞനാൾ വിസ്മയ സ്റ്റുഡിയോയിൽ ഡബ്ബുചെയ്യാനെത്തിയപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങുമായി എത്തിയിരുന്ന ഇന്ദ്രൻസിനെ വീണ്ടും കണ്ടു. മറക്കാത്ത സൗഹൃദം. തീരുമാനിച്ചോ…ഞാൻ റെഡി. നമുക്കൊരെണ്ണം ചെയ്യണം കേട്ടോ.
ആത്മാർത്ഥമായ പറച്ചിൽ.
ഇവിടെ ഇങ്ങനേയും ഉണ്ട് ആളുകൾ. പ്രാചീന റോമാക്കാരുടെ ഒരു ദേവനാണ് ജാനസ്. ആ ദേവന്റെ മാസമാണ് ജനുവരി. ജാനസ് ദേവന്റെ പ്രത്യേകത രണ്ടുമുഖങ്ങളാണത്രെ; ഒന്നുമുന്നിലേക്കും; മറ്റേത് പിന്നിലേക്കും.
വാഹനത്തിലും മുന്നിലേക്ക് കാണാൻ ചില്ലുകൾ ഉള്ളതുപോലെ പിന്നിലേക്കും നോക്കാൻ റിയർ മിററും ഉണ്ടല്ലോ. മുന്നോട്ടുള്ള വഴി ശോഭനമാകാൻ പിന്നിലേക്കും ഒന്നറിയുന്നത് നന്ന്.
ജനുവരി മാസത്തിനും ഇതുപോലെ രണ്ടുമുഖങ്ങളുണ്ടെന്നാണ് ആശയം. ഒന്ന് പഴയ വർഷത്തിലേക്ക് നോക്കും. മറ്റൊന്ന് പുതുവർഷത്തിലേക്കും.
ജാനസ് ദേവനെപ്പോലെ മുന്നിലേക്കും പിന്നിലേക്കും കണ്ണയക്കാൻ ശീലിച്ചാൽ വിവേകവും ലക്ഷ്യബോധവും ആ ശീലത്തിൽ നിന്ന് ഉദിയ്‌ക്കുമല്ലോ?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: