നീലേശ്വരം: ക്ഷേത്രങ്ങളുടേയും ഗോപുരങ്ങളുടേയും ശില്പങ്ങള് തീര്‍ത്ത് തന്റെ കരവിരുത് തെളിയിക്കുകയാണ് നീലേശ്വരം പൂവാലംകൈ അയ്യപ്പന്കോട്ടയിലെ അനില്‍ ലോട്ടസ്. ഇതിനകം തന്നെ നിരവധി ക്ഷേത്രങ്ങളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അനിലിന്റെ കരവിരുത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ഗോപുരം, മുഖയാമം, കവാടം, ക്രിസ്ത്യന്‍ ദേവലയങ്ങളുടെ അള്‍ത്താര, ഗ്രോട്ടോ എന്നിവയുടെ നിര്‍മ്മാണമാണ് കൂടുതലായി ചെയ്യുന്നത്. സ്കൂള്‍ പഠനകാലത്ത് പഠനത്തെക്കാളും കരകൗല നിര്മ്മാണത്തോടായിരുന്നു താല്പര്യം. തന്റെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകരുടെ പ്രോത്സാഹനമാണ് ഈ രംഗത്തേക്ക് വരാനുള്ള പ്രേരണയായത്. 2002ല്‍ ബംഗളൂരുവില്‍ വെച്ച് സൗജന്യമായി ക്ലേ മോഡലിങ്ങില്‍ പരിശീലനം നേടി. പ്രാഥമിക വിദ്യാഭ്യാസം നേടിയ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മുറ്റത്ത് പെരുമ്പാമ്പിന്റെ ശില്പം നിര്‍മ്മിച്ചാണ് തുടക്കം. അമ്യൂസ്മെന്റ് പാര്‍ക്ക്, വിസ്മയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളിലും അന്യ സംസ്ഥാനത്തും ക്ഷേത്ര നിര്‍മ്മാണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ കളിയാട്ട കാലത്ത് നിരവധി തെയ്യങ്ങളുടെ ശില്പങ്ങള് തീര്‍ത്ത് പ്രശംസ നേടിയിട്ടുണ്ട്.
8അടി ഉയരത്തിലുള്ള ബാലി, കണ്ടനാര്‍ കേളന്, വയനാട്ടുകുലവന്‍ എന്നീ തെയ്യങ്ങള്‍ക്ക് പുറമേ 8 മീറ്റര്‍ ഉയരത്തില്‍ ഭഗവതി തെയ്യത്തിന്റെ രൂപവും മെനഞ്ഞെടുത്തിരുന്നു. വയനാട്ടുകുലവന്‍, കണ്ടനാര്കേളന് തെയ്യങ്ങള്‍ നിര്‍മ്മിക്കാന്‍ രണ്ടരമാസവും, 2 ലക്ഷത്തോളം രൂപയും ചെലവായി. ആവശ്യക്കാര്‍ക്ക് നിര്മ്മിച്ചുനല്കുന്നുണ്ടെങ്കിലും ചിലവായ പണം പലപ്പോഴും ലഭിക്കാറില്ലെന്ന് അനില്‍ പറയുന്നു. ജില്ലക്ക് പുറത്താണ് ദേവാലയങ്ങളുടെ പ്രവൃത്തികള്‍ കൂടുതല്‍ കിട്ടാറുള്ളത്. നല്ല പ്രോത്സാഹനവും ലഭിക്കാറുണ്ട്. സഹായിയായി അനുജന് അനൂപും കൂടെയുണ്ടാകും.
തലശ്ശേരി ആര്‍ട് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്ക് ജ്യേഷ്ഠനോടൊപ്പം നില്‍ക്കുകയാണ് അനൂപ്. താന്‍ പഠിച്ചുവളര്‍ന്ന രാജാസ് സ്കൂളില്‍ സരസ്വതി ദേവിയുടെ ശില്പം നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍. സ്പോണ്‍സറെ ലഭിക്കാത്തതാണ് തടസ്സമായി നില്‍ക്കുന്നത്. മലബാറിലെ അറിയപ്പെടുന്ന തെയ്യ ശില്പങ്ങളുടെ വലിയൊരു പ്രദര്‍ശനം ഒരുക്കി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണമെന്നത് വലിയ ആഗ്രഹമായി കൊണ്ടുനടക്കുകയാണ്. ശില്പ നിര്‍മ്മാണത്തിന് 3ലക്ഷത്തോളം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ജീവിതമാര്‍ഗ്ഗവും കൂടിയാണ് അനിലിന്റെ കലാവൈഭവം. പിതാവ് ചന്ദ്രന്. മാതാവ് ബേബി. ഭാര്യ രേഷ്മ. മകന് അര്ജ്ജുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: