കാസര്‍കോട്: മഴക്കാലങ്ങളില്‍ ജില്ലയില്‍ നിന്നും വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, വയറുകടി, ഛര്‍ദ്ദി അതിസാരം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കേണ്ടതാണ്. ആഹാരം പാകം ചെയ്ത് ചൂടോടുകൂടി കഴിക്കുന്നത് ശീലമാക്കുക. ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലീമസവുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്ക്ഷങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. വെള്ളം മലിനമാക്കുന്ന കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ മലിനമായ ജലസ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന് ചെയ്യേണ്ടതാണ്. ആഹാരത്തിനുമുന്‍പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക, മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി കക്കൂസില്‍ മാത്രം നടത്തുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.
ഹോട്ടലുകളിലും മറ്റും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനായി നല്‍കണം. ഭക്ഷണ സാധനങ്ങള്‍ എപ്പോഴും ഈച്ച ഇരിക്കാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം. ഇല, ഭക്ഷണ ഉച്ചിഷ്ടം, മറ്റു ചപ്പ് ചവറുകള്‍ മുതലായവ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കണം. കൂള്‍ബാറുകള്‍ മറ്റു ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടകളിലും ശുചിത്വം ഉറപ്പാക്കണം. മഴക്കാലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാനായി ഹോട്ടലുകള്‍ മറ്റു ഭക്ഷണശാലകള്‍ എന്നിവ നിരീക്ഷിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും എത്തുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരോടും സഹകരിക്കുക.
അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങള്‍ ഫലപ്രദമായി പാനീയ ചികിത്സയിലൂടെ തടയുന്നതാണ്. നിര്‍ജ്ജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം കരിക്കിന്‍വെള്ളം എന്നിവ ധാരാളം കുടിക്കുവാന്‍ നല്‍കുക. ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍, അംഗന്‍വാടികള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഒ.ആര്.എസ്. പാക്കറ്റുകള്‍ വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരം പാനീയ ചികിത്സ ആരംഭിക്കണം.
പെട്ടെന്നുള്ള വയറുവേദനയില്ലാത്ത, കഞ്ഞിവെള്ളം പോലുള്ള വയറിളക്കം കോളറ രോഗത്തിന്റെ രോഗലക്ഷണമായതുകൊണ്ട് എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സയ്ക്ക് വിധേയരാവണം. തുടര്‍ച്ചയായതും ഇടയ്ക്കിടെ ശക്തിയായ പനി, വിറയല്‍, തലവേദന, ശരീരവേദന, നാഡീമിടിപ്പ് കുറയല്‍, വയറിളക്കം, ഛര്‍ദ്ദി, മലബന്ധം എന്നിവ ടൈഫോയിഡിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ കണ്ടയുടനെ അടുത്തുള്ള ആശുപത്രിയെ സമീപിച്ച് ചികിത്സ നടത്തിയാല്‍ രോഗം പൂര്‍ണ്ണായും മാറുന്നതാണ്. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, മൂത്രത്തിന് നിറവ്യത്യാസം, മലത്തിന് നിറവ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണുകള്‍ക്കും നഖത്തിനും ശരീര ഭാഗങ്ങള്‍ക്കും മഞ്ഞനിറം കണ്ടുതുടങ്ങും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: