കാഞ്ഞങ്ങാട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തഘടക വിഭജന യൂണിറ്റ് സ്ഥാപിക്കല്‍ നടപടി വൈകുന്നത് ഡെങ്കിപ്പനി ഉള്‍പ്പടെയുളള രോഗികളെ പ്രതികൂലമായി ബാധിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ രക്തഘടക വിഭജന യൂണിറ്റ് നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനുളള ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താത്തതു യൂണിറ്റ് സ്ഥാപിക്കല്‍ നടപടിക്ക് കാലതാമസം നേരിട്ടു. കെട്ടിട സൗകര്യങ്ങളും മെച്ചപ്പെട്ട ലാബ് സൗകര്യങ്ങളും രക്തത്തില്‍ നിന്നും പ്ലേറ്റ്ലറ്റ് പോലുള്ള ഘടകങ്ങളെ വേര്‍തിരിക്കാന്‍ പരിശീലനം സിദ്ധിച്ച ലാബ് ടെക്നീഷ്യന്മാരുമാണ് ഓരോ യൂണിറ്റിലും വേണ്ടത്. കാസര്‍കോട് ആശുപത്രിയില്‍ ഇതുസംബന്ധിച്ച് പരീശീലനം ലഭിച്ച ടെക്നീഷ്യന്മാരുണ്ടെങ്കിലും കെട്ടിട സൗകര്യമില്ലാത്തത് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് തടസമായി നില്ക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പരിശീലനം ലഭിച്ചവര്‍ ഇല്ലാത്തതും തടസമായി പറയുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും വേഗംതന്നെ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നും ഡിഎംഒ ജന്മഭൂമിയോട് പറഞ്ഞു.
ഓരോ വര്‍ഷവും കാലവര്‍ഷാരംഭത്തില്‍ പനിബാധിതരായി നിരവധിപേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ഡെങ്കിപ്പനി ബാധിതരായിരിക്കും. പനി വന്ന് നാല് അഞ്ച് ദിവസം വരെ സാധാരണ നിലയിലിരിക്കുന്ന രോഗികള്‍ക്ക് അഞ്ചാംദിവസം മുതല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനിയുടെ രോഗ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ഒരാള്‍ക്ക് നാല് ലക്ഷംവരെ പ്ലേറ്റ്ലറ്റ് കൗണ്ട് വേണമെന്നാണ് കണക്ക്. ഇത് ഒരു ലക്ഷത്തില്‍ താഴെ വരുമ്പോള്‍ മാത്രമാണ് രോഗികള്‍ക്ക് പ്ലേറ്റ്ലറ്റ് എന്ന ഘടകം ആവശ്യമായി വരുന്നത്. പ്ലേറ്റ്ലറ്റ് കുറവുള്ള രോഗികള്‍ക്ക് ബ്ലഡ്ബാങ്കില്‍ നിന്നോ, മറ്റുള്ളവര്‍ നല്കുന്ന രക്തത്തില്‍ നിന്നോ പ്ലേറ്റ്ലറ്റ് വേര്‍തിരിച്ച് രോഗികളില്‍ നല്‍കുകയാണ് പ്രതിവിധി. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്ലഡ്ബാങ്കുകള്‍ നിലവിലുണ്ടെങ്കിലും പ്ലേറ്റ്ലറ്റ് രക്തത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള സംവിധാനമില്ല. ഇതിന് പരിശീലനം സിദ്ധിച്ച ലാബ് ടെക്നീഷ്യന്മാരും മെച്ചപ്പെട്ട് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും ആവശ്യമാണ്. വര്‍ഷംതോറും രോഗങ്ങളുമായി സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പഴിച്ച് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോഴും ജില്ലയില്‍ ഇത്തരം സംവിധാനമൊരുക്കാന്‍ എന്തുകൊണ്ടോ സംസ്ഥാനത്തെ ആരോഗ്യവുകുപ്പിന് തണുപ്പന്‍ നയമാണുള്ളത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കണമെന്ന് പറയുന്ന ആരോഗ്യവകുപ്പ് തന്നെ എല്ലാ വര്‍ഷവും രോഗപ്രതിരോധമരുന്ന് വിതരണം ചെയ്യുന്നതുതന്നെ പകര്‍ച്ചവ്യാധി പിടിപെട്ടതിന് ശേഷമാണ്. ഇത് പ്രഹസനമാകുന്നുവെന്നും ആക്ഷേപമുണ്ട്.
ജില്ലയിലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രികളില്‍പോലും രക്തഘടകവിഭജന യൂണിറ്റ് നിലവിലില്ലെന്നിരിക്കെ അനുവദിച്ചിട്ടുള്ള യൂണിറ്റുകള്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ രോഗികള്‍ കൂടുതല്‍ ആശ്രയിക്കും. അല്ലാത്തപക്ഷം എന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത പരാതികളും പരാധീനതകളുമുളള ആശുപത്രിയെന്ന പേര് മാത്രമായിരിക്കും ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: