പരവനടുക്കം: ചളിയങ്കോട്-കോട്ടരുവം റോഡ് അടച്ചിട്ടതിനെതിരെ സമരം നടത്തുമെന്ന മുസ്ലിംലീഗ് മലേപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നിലപാട് റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞതുമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടും, നാട്ടുകാരോടുമുള്ള വെല്ലുവിളിയാണെന്ന് പരവനടുക്കത്ത് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
പണി പൂര്‍ത്തിയാകാത്ത, ഔദ്യോഗികമായി ഉദ്ഘാടനം നടത്താത്ത പാലത്തിന്റെ തടസ്സങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കി നിര്‍ബന്ധപൂര്‍വ്വം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തവരാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍. പാലം പണിയുടെ കൂടെ തന്നെ തുടങ്ങേണ്ട പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം വൈകിപ്പിച്ചതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. മണ്ണിടിച്ചിലിന്റെ ദുരിതങ്ങളെക്കുറിച്ചും വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ബന്ധപ്പെട്ട അധികൃതരെ പലവട്ടം നാട്ടുകാര്‍ ഓര്‍മ്മപ്പെടുത്തിയതാണ്.
കെഎസ്ടിപി അധികൃതരോ, ഉദ്യോഗസ്ഥന്മാരോ അത് ഗൗനിച്ചില്ല. യുദ്ധ കലാടിസ്ഥാനത്തില് ചെയ്തു തീര്‍ക്കേണ്ട പാര്‍ശ്വഭിത്തി നിര്‍മ്മാണം നീണ്ടു പോകുന്നതിന് നാട്ടുകാരല്ല ഉത്തരവാദികള്‍. വീടും സ്വത്തുവകകളും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല. ഇതൊന്നും ശ്രദ്ധിക്കാതെ അല്‍പ്പം ചില പ്രയാസങ്ങളുടെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വരുന്നവരുടെ കൂടെ നില്‍ക്കേണ്ട ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത് അവര്‍ക്ക് തന്നെ ഭൂഷണമല്ല. നാട്ടുകാരുടെ ജീവനും സ്വത്തിനും നഷ്ടം വരുത്തുന്ന സമരങ്ങളിലേക്ക് ആരെങ്കിലും വന്നാല്‍ കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ കെ.മാധവന് നായര്‍, നഞ്ചില്‍ കുഞ്ഞിരാമന്, ഡോ.എം.ചന്ദ്രശേഖരന് നായര്‍, ബാബുരാജ് പരവനടുക്കം, എം.സദാശിവന്, കൈലാസന്, സി.പി.പള്ളിപ്പുറം, കെ.ടി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: