മാഴ്സലെ: യൂറോ 2016ലെ സൂപ്പര്‍താര പോരാട്ടത്തില്‍ വിജയം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍ സെമിയില്‍ എത്തുകയും ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു പറങ്കികള്‍ വിജയപീഠമേറിയത്. ബെല്‍ജിയം-വെയ്ല്‍സ് മത്സര വിജയികളാണ് സെമിയില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
കഴിഞ്ഞ അഞ്ച് ചാമ്പ്യന്‍ഷിപ്പുകള്‍ക്കിടെ നാലാം തവണയും തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവുമാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ അവസാന നാലില്‍ ഇടംപിടിക്കുന്നത്. കളി തുടങ്ങി രണ്ട് മിനിറ്റ് പിന്നിടുന്നതിന് മുന്നേ ലെവന്‍ഡോവ്സ്കിയിലൂടെ പോളണ്ട് ലീഡ് നേടിയെങ്കിലും 33-ാം മിനിറ്റില്‍ കൗമാരതാരം റെനാറ്റോ സാഞ്ചസിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. പിന്നീട് ഇരുടീമുകളും ആഞ്ഞുപൊരുതിയെങ്കിലും വിജയഗോള്‍ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളം നിറഞ്ഞുകളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത റെനാറ്റോ സാഞ്ചസാണ് മത്സരത്തിലെ താരം. പരാജയത്തോടെ ചരിത്രത്തിലാദ്യമായി സെമിയില്‍ കടക്കാമെന്ന പോളിഷ് സ്വപ്നം പൊലിയുകയും ചെയ്തു.
ഷൂട്ടൗട്ടില്‍ പോളണ്ടിനായി നാലാം കിക്കെടുത്ത ബ്ലാസ്കിയോവ്സികയുടെ ഷോട്ട് ഇടത്തോട്ട് മുഴുനീളെ പറന്ന് ഒറ്റക്കൈകൊണ്ട് തടുത്തിട്ട പോര്‍ച്ചുഗീസ് ഗോളി റൂയി പാട്രീഷ്യയാണ് ടീമിന്റെ വിജയശില്പി. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്തത് നായകനും സൂപ്പര്‍താരവുമായ ക്രിസ്റ്റിയനോ. താരത്തിന്റെ ഷോട്ട് അനായാസം വലയില്‍ (1-0). പോളണ്ടിനായി ആദ്യ കിക്കെടുത്തതും നായകന്. ലെവന്‍ഡോവ്സ്കിയുടെ കിക്കും വലയില്‍ (1-1). പിന്നീട് പറങ്കികളുടെ റെനാറ്റോ സാഞ്ചസും ജാവോ മൗടീഞ്ഞോയും നാനിയും ക്വറേസ്മയും ലക്ഷ്യം കണ്ടപ്പോള്‍ പോളണ്ടിനായി മിലിക്കും കാമില്‍ ഗ്ലിക്കും പന്ത് വലയിലെത്തിച്ചു.
പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം പോളണ്ടിനായിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തത് റൊണാള്‍ഡോയും കൂട്ടരുമായിരുന്നു. കളി തുടങ്ങി എതിരാളികള്‍ നിലയുറപ്പിക്കും മുന്നേ പോര്‍ച്ചുഗല്‍ വലയില്‍ പന്തെത്തിച്ച് പോളണ്ട് ക്യാപ്റ്റന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ടൂര്‍ണമെന്റിലിതുവരെ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ലെവന്‍ഡോവ്സ്കി ലക്ഷ്യം നേടുമ്പോള്‍ കളി ഒരു മിനിറ്റും 40 സെക്കന്റും മാത്രമാണ് പിന്നിട്ടിരുന്നത്.
ഗോളിന് വഴിയൊരുക്കിയത് പോര്‍ച്ചുഗല്‍ താരം സെഡ്രിക് സോറസിന്റെ പിഴവ്. സോറസില്‍നിന്നും പന്ത് പിടിച്ചെടുത്ത ഗ്രോസിക്കിയുടെ പാസ് നേരെ ലെവന്‍ഡോവ്സ്കിയിലേക്ക്. പിഴവുകളൊന്നും കൂടാതെ ലെവന്‍ഡോവ്സ്കി ലക്ഷ്യം കണ്ടു. സ്കോര്‍ 1-0. യൂറോ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളായി മാറി ലെവന്‍ഡോവ്സ്കിയുടെ ഗോള്‍. ലീഡ് വഴങ്ങിയതിന്റെ ഞെട്ടലില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി എതിര് ബോക്സില്‍ പന്തെത്തിച്ചു. വിശ്രമമില്ലാതെ പന്ത് ഇരുഭാഗത്തേക്കും കയറിയിറങ്ങിയ മത്സരത്തിന്റെ 33-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചു.
മധ്യനിരയില്‍ അധ്വാനിച്ചുകളിച്ച റെനാറ്റോ സാഞ്ചസായിരുന്നു സ്കോറര്‍. നാനിയുമൊത്ത് പന്ത് കൈമാറി പോളണ്ട് ഗോള്‍മുഖത്തെത്തിയ സാഞ്ചസ്, നാനി നല്കിയ ബാക്ക് പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് പായിച്ച മികച്ചൊരു വോളി പോളണ്ട് വല കുലുക്കുമ്പോള്‍ ഗോള്‍കീപ്പര്‍ ലൂക്കാസ് ഫാബിയാന്‍സ്കി നിഷ്പ്രഭനായി. പന്തിന് കണക്കാക്കി ഫാബിയാന്‍സ്കി ഡൈവ് ചെയ്തെങ്കിലും പോളണ്ട് പ്രതിരോധനിരതാരത്തിന്റെ ദേഹത്ത് തട്ടിയ പന്ത് ഗതിമാറി പോസ്റ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു. 18 കാരനായ സാഞ്ചസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. യൂറോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് സാഞ്ചസ്. പിന്നീട് ആദ്യപകുതിയില്‍ ഗോളുകള്‍ വീഴാതിരുന്നതോടെ 1-1ന് സമനിലയില്‍.
ആദ്യപകുതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലാണ് ആക്രമണങ്ങള്‍ മെനയുന്നതില്‍ മുന്നിട്ടുനിന്നത്. ക്രിസ്റ്റ്യാനോയും സാഞ്ചസും നാനിയും എതിര് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയതോടെ പോളിഷ് പ്രതിരോധത്തിന് പിടിപ്പതു പണിയായി. ഒപ്പം ലെവന്‍ഡോവ്സ്കിയുടെ നേതൃത്വത്തില്‍ പോളണ്ടും നിരവധി തവണ പോര്‍ച്ചുഗല്‍ പ്രതിരോധത്തെ വിറപ്പിച്ചു. 49-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഷോട്ടും 56-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ നല്ലൊരു ഷോട്ടും പുറത്ത്.
നാല് മിനിറ്റ് കഴിഞ്ഞപ്പോഴേക്കുംപോളണ്ടിന്റെ മിലിക്കും നല്ലൊരു അവസരം പാഴാക്കി. 75-ാം മിനിറ്റില്‍ പോളണ്ടിന്റെ ഗ്രോസിക്കിയും തൊട്ടുപിന്നാലെ പോര്‍ച്ചുഗലിന്റെ ജാവോ മരിയയും അവസരങ്ങള്‍ പാഴാക്കി. 79-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ജാവോ മോണ്ടെയുടെ ഹെഡ്ഡര്‍ ഗോളി ഫാബിയാന്‍സ്കി കൈപ്പിടയിലൊതുക്കി. പിന്നീട് 84-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച തുറന്ന അവസരം പന്ത് കണക്ട് ചെയ്യാനാകാതെ വന്നതോടെ പാഴായി. പിന്നീട് ഇഞ്ചുറി സമയത്ത് റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും അവസരം നഷ്ടപ്പെടുത്തിയതോടെ കളി അധികസമയത്തേക്ക്. എന്നാല്‍ അധികസമയത്തും ലക്ഷ്യം കാണുന്നതില്‍ ഇരു ടീമിലെയും സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: