കല്‍പ്പറ്റ : അലങ്കാര മത്സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി വിഭാവനം ചെയ്ത പദ്ധതി പ്രവൃത്തി തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കാരാപ്പുഴ പബ്ലിക് അക്വേറിയത്തിന്റെ പണികളാണ് മുടന്തുന്നത്. അക്വേറിയത്തിന്റെ ഭാഗമായി ചെറുതും വലുതുമടക്കം 32 സംഭരണികള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള അക്വ വെന്‍ച്വര്‍ ഇന്റര്‍നാഷണല്‍ കമ്പനിക്കാണ് സംഭരണികള്‍ സ്ഥാപിക്കേണ്ട ചുമതല. 28 ലക്ഷം രൂപയാണ് ഈ പ്രവൃത്തിയുടെ അടങ്കല്‍. ഇതിന്റെ പത്ത് ശതമാനം 2015ല്‍ നല്‍കിയതാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയുടെ അവസാനകാലത്തായിരുന്നു കാരാപ്പുഴയില്‍ അക്വേറിയം നിര്‍മിക്കാനുള്ള തീരുമാനം. അന്നത്തെ ബത്തേരി എംഎല്‍എ പി.കൃഷ്ണപ്രസാദാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്. കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിനു ഒന്നര കിലോമീറ്റര്‍ അകലെ 3200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം ആസൂത്രണം ചെയ്തത്. 73.5 ലക്ഷം രൂപയായിരുന്നു അടങ്കല്‍. ഹാര്‍ബര്‍ എന്‍ജീനീയറിംഗ് വകുപ്പിനായിരുന്നു അക്വേറിയത്തിനായി കെട്ടിടം നിര്‍മിക്കുന്നതിനു ചുമതല. കിണര്‍, ചുറ്റുവേലി, ഗെയ്റ്റ് നിര്‍മാണം, വൈദ്യുതീകരണം, ജനറേറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് കെട്ടിടനിര്‍മാണം ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും മന്ദഗതിയിലായിലായിരുന്നു നിര്‍മിതികേന്ദ്ര എറ്റെടുത്ത ജോലികളുടെ നീക്കം. 2016 മാര്‍ച്ചിലാണ് വൈദ്യുതീകരണം നടന്നത്. പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയാക്കിയ നിര്‍മിതി കേന്ദ്ര ഫൈനല്‍ ബില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല.
സംഭരണികള്‍ സ്ഥാപിച്ച് അക്വേറിയം എപ്പോള്‍ കമ്മീഷന് ചെയ്യുമെന്നതില്‍ ഫിഷറീസ് വകുപ്പിനു വ്യക്തതയില്ല. സംഭരണികള്‍ സ്ഥാപിക്കുന്നതിനായുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോകുകയാണ്. ജൂലൈയില്‍ ടെന്‍ഡര്‍ നടന്നാലേ ഓണത്തോടെ അക്വേറിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്.
വിനോദസഞ്ചാര വികസനത്തിനു ഉതകുമെന്ന അനുമാനത്തോടെയുമാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരാപ്പുഴ അണയുടെ പ്രധാന കവാടത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയ വളപ്പില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാകാരണങ്ങളാല്‍ അണയുടെ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്രചെയ്തുവേണം സഞ്ചാരികള്‍ക്ക് അക്വേറിയ പരിസരത്ത് എത്താന്‍. അതിനാല്‍ത്തന്നെ ഭാവിയില്‍ ജില്ലയില പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കരുതുന്ന കാരാപ്പുഴയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയ സന്ദര്‍ശനം ഒഴിവാക്കാനാണ് സാധ്യതയും. അമ്പലവയല്‍-കാരാപ്പുഴ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: